കോഴിക്കോട്: ഏറ്റവും പുതിയ സാധനങ്ങള് ചുളുവിലയ്ക്കു നല്കാമെന്നു പറഞ്ഞ തട്ടിപ്പു നടത്തുന്ന സംഘം സജീവമെന്ന് കേരള പോലീസ്. പുതിയമോഡൽ കാറുകൾ, അതും ഇതുവരെ ഉപയോഗിക്കാത്തത്. പക്ഷേ ചെറിയ ചില പോറലുകളുണ്ട്. അതുകൊണ്ടു വളരെ കുറഞ്ഞ വിലയ്ക്കു കിട്ടും. കാറുകൾ മാത്രമല്ല, പ്രമുഖ ബ്രാൻഡുകളുടെ ടിവികൾ, വാഷിംഗ് മെഷീനുകൾ, സോഫകൾ അങ്ങനെ ഏതാണ്ടെല്ലാ ഗൃഹോപകരണങ്ങളും ഇങ്ങനെ ചുളുവിലയ്ക്കു സ്വന്തമാക്കാം. ചെറിയ ചില പോറലുകളൊക്കെ ഉണ്ടാകുമെന്നേയുള്ളൂ. ഉപയോഗിക്കാൻ ഒരു തടസവുമില്ല.
ഇത്തരമൊരു പരസ്യം കാണാത്തവരും ചാടി വീഴാത്തവരുമായി ആരും ഉണ്ടാകില്ല. എന്നാൽ ഇതും കണ്ടുനേരേ ചാടി വീഴുന്നതിനു മുമ്പു സാമാന്യ ബുദ്ധി ഉപയോഗിക്കണമെന്ന് ഓർമിപ്പിക്കുകയാണ് പോലീസ്. തട്ടിപ്പുകാർ വിരിക്കുന്ന വലയാണിത്. സോഷ്യൽ മീഡിയയിൽ കാണുന്ന ഇത്തരം പരസ്യങ്ങൾക്ക് കീഴിൽ പോയി ഫോൺ നമ്പറോ ഇ-മെയിൽ വിലാസമോ ഒക്കെ കൊടുക്കുന്നവർക്കു തൊട്ടുപിന്നാലെ തട്ടിപ്പുകാരുടെ വിളി വരും.
അല്ലെങ്കിൽ ഇ-മെയിൽ വഴി ബന്ധപ്പെടും. ലിങ്കുകളായിരിക്കും മിക്കവാറും കിട്ടുക. അതിൽ കയറി വാങ്ങിക്കോളാൻ പറയും. ചോദിക്കുന്ന വിവരങ്ങളെല്ലാം കൊടുത്താൽ അക്കൗണ്ടിലുള്ളത് മുഴുവൻ കള്ളന്മാർ കൊണ്ടുപോകും. അവസാനം പറഞ്ഞ സാധനവും കിട്ടില്ല, കൈയിലുള്ള പണവും പോകും.
പ്രമുഖ കമ്പനികളുടെ പേരിന്റെ കൂടെ ഫാൻസ് അല്ലെങ്കിൽ ക്ലബ് എന്നിവ കൂട്ടിച്ചേർത്തായിരിക്കും വെബ്സൈറ്റുകൾ. അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളുമൊക്കെ അനവധിയുണ്ടാവും ഇത്തരം സൈറ്റുകളിൽ.
അതുകൊണ്ടുതന്നെ ഭൂരിപക്ഷം വ്യാജന്മാരെയും വേണമെങ്കിൽ ഒറ്റനോട്ടത്തിൽ കണ്ടുപിടിക്കാം. ഇതെല്ലാം വിശ്വസിച്ച് സൈറ്റിൽ കയറിയാൽ നേരത്തെ സമ്മാനം കിട്ടിയവരുടേതെന്ന പേരിൽ നിരവധി അനുഭവക്കുറിപ്പുകളും കാണും. വിശ്വസിച്ചുപോയാൽ ഓർക്കുക, കൈയിലുള്ളതു മുഴുവൻ പോയിക്കിട്ടും.
കമ്പനികളുടെ നൂറ്റമ്പതാം വാർഷികം, നൂറാം വാർഷികം എന്നൊക്കെ അനൗൺസ് ചെയ്യുമ്പോൾ ഒരുപക്ഷെ ആ കമ്പനി അൻപത് വർഷംപോലും പൂർത്തിയാക്കിയിട്ടുണ്ടാവില്ല എന്നതാണ് വസ്തുത. ദയവായി ഇത്തരം ഓഫറുകളിൽ പോയി തലവച്ചുകൊടുക്കാതിരിക്കുക… പോലീസ് പറയുന്നു.
സ്വന്തം ലേഖകന്