പയ്യന്നൂര്‍: കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ വീട്ടിലെ വോട്ട് സംവിധാനം ബാഹ്യശക്തികളിടപെട്ട് അട്ടിമറിച്ചതായി പരാതിയുയര്‍ന്ന സംഭവത്തില്‍ തന്റെ സമ്മതത്തോടെയല്ല വോട്ടു രേഖപ്പെടുത്തിയതെന്ന പരാതിയുമായി വയോധികനായ വോട്ടര്‍. സഹായി വോട്ടര്‍ ക്രമപ്രകാരമാണ് വോട്ടുചെയ്തതെന്ന ജില്ലാ കളക്ടറുടെ വെളിപ്പെടുത്തലിനെതിരേയാണ് മുഖ്യ വരണാധികാരിക്ക് വോട്ടര്‍ പരാതി നല്‍കിയത്.
കോറോം വില്ലേജ് 54-ാം ബൂത്തില്‍ ക്രമനമ്പര്‍ 720ലെ വോട്ടര്‍ വി. മാധവന് വെളിച്ചപ്പാടാണ് പരാതി നല്‍കിയത്. 18ന് വൈകുന്നേരം മൂന്നരയോടെയാണ് പരാതിക്കിടയായ സംഭവം.
92 കാരനായ മാധവന് വെളിച്ചപ്പാടിന്റെ വോട്ടാണ് അദ്ദേഹത്തിന്റെ സമ്മതമില്ലാതെ ബാഹ്യശക്തികള്‍ ഇടപെട്ട് ചെയ്തതായി പരാതിയുയര്‍ന്നത്. തന്റെ മകനോ ബന്ധുക്കളോ ഉള്ളപ്പോള്‍ മാത്രം വോട്ട് ചെയ്താല്‍ മതിയെന്ന് താന്‍ ബിഎല്‍ഒയെ അറിയിച്ചിരുന്നതായി പരാതിയില്‍ പറയുന്നു.
എന്നാല്‍, അവരാരുമില്ലാത്തപ്പോള് ബിഎല്‍ഒയും മറ്റു ചിലരും വന്ന് തന്റെ വിരലൊപ്പ് മാത്രം വാങ്ങിക്കുകയും പിന്നീട് പോവുകയുമാണുണ്ടായത്. തന്റെ സമ്മതത്തോടെയല്ല അവര്‍ വോട്ടുരേഖപ്പെടുത്തിയത്.ഈ സംഭവത്തില്‍ തനിക്ക് പരാതിയുണ്ടെന്നും തന്റെ വോട്ടവകാശം നിഷേധിക്കപ്പെടാതെ അനുവദിച്ച് തരണമെന്നുമാണ് തൊണ്ണൂറ്റിരണ്ടുകാരനായ മാധവന് വെളിച്ചപ്പാട് നല്കിയ പരാതിയിലുള്ളത്.
ഈ സംഭവത്തില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അധികാരം ഉപയോഗപ്പെടുത്തുന്ന ഉദ്യോഗസ്ഥര്ക്കെതിരേ 54-ാം ബൂത്തിലെ കാമറ പരിശോധിച്ച് കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് ആദ്യം പരാതി നല്‍കിയിരുന്നത്.
ജില്ലാ കളക്ടറുടെ പ്രസ്താവനയും വോട്ടറുടെ പരാതിയും രംഗത്ത് വന്നതോടെ ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് കൂട്ടു നില്‍ക്കുകയാണെന്നും പക്ഷപാതപരമായ സമീപനമാണിതെന്നും യുഡിഎഫ് വൃത്തങ്ങളില്‍നിന്നും ആരോപണവുമുയരുന്നുണ്ട്.