പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പു പ്രചാരണം അവസാനഘട്ടത്തിലേക്ക്. പരസ്യപ്രചാരണം ബുധനാഴ്ച വൈകുന്നേരം അവസാനിക്കുമെന്നിരിക്കെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും തിരക്കിട്ട പ്രചാരണ പരിപാടികളിലാണ്. രണ്ടുമാസത്തോളം നീണ്ട പ്രചാരണ പ്രവര്‍ത്തനങ്ങളാണ് സമാപന ഘട്ടത്തിലേക്ക് എത്തുന്നത്. സ്ഥാനാര്‍ഥികളുടെ മണ്ഡല പര്യടന പരിപാടികള്‍ പൂര്‍ത്തിയായി വരുന്നു.
ഒന്നും രണ്ടും ഘട്ടങ്ങളിലായി നിയമസഭ മണ്ഡലാടിസ്ഥാനത്തിലാണ് പര്യടനം നടന്നത്. ആദ്യഘട്ടത്തില്‍ എത്തപ്പെടാന്‍ കഴിയാതെ വന്ന സ്ഥലങ്ങളിലാണ് തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പര്യടനം നടത്തിയത്.
ദേശീയ, സംസ്ഥാന നേതാക്കളുടെ സാന്നിധ്യം പ്രചാരണത്തെ ചൂടുപിടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി, സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവര്‍ പത്തനംതിട്ട മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയിരുന്നു.
പതിവിനു വ്യത്യസ്തമായി വനിതാ പ്രവര്‍ത്തകരുടെ പങ്കാളിത്തം ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണഘട്ടങ്ങളില്‍ മൂന്ന് മുന്നണികള്‍ക്കും ലഭിച്ചു. വനിതാ സംഗമം പരിപാടികള്‍ വരെ നടത്തിയായിരുന്നു പ്രചാരണം. സ്ക്വാഡ് പ്രവര്‍ത്തനങ്ങളിലും കുടുംബസംഗമങ്ങളിലും വനിതകള്‍ മുന്നിട്ടു നിന്നു.
സ്ഥാനാര്‍ഥി സ്വീകരണ പരിപാടികളിലും മറ്റും വനിതകളുടെ പങ്കാളിത്തം ഇരട്ടിച്ചു. വനിതാ ജനപ്രതിനിധികളും മഹിള സംഘടന ഭാരവാഹികളും നേതൃത്വം നല്കി.
വോട്ടര്‍മാരുടെ എണ്ണത്തിലും വനിതകള്‍ മുന്നിട്ടുനില്ക്കുന്നതിനാല് പരമാവധി ആളുകളെ പോളിംഗ് ബൂത്തുകളിലെത്തിക്കാനുള്ള ചുമതലയും ഇത്തവണ വനിതകള്‍ തന്നെ ഏറ്റെടുത്തിട്ടുണ്ട്. മൂന്ന് മുന്നണികളുടെയും വനിതാ സ്്ക്വാഡുകള്‍ ഇതില്‍ സജീവമാണ്.