മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണുമൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണു ക്ഷയം അഥവാ ടിബി. ക്ഷയരോഗം ശരീരത്തിന്റെ ഏതവയവത്തെയും ബാധിക്കാം. കൃത്യമായ ചികിത്സയിലൂടെ ക്ഷയരോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കാം.
ചികിത്സയെടുക്കാതിരുന്നാൽ മരണം വരെ സംഭവിക്കാം. രണ്ടാഴ്ചയിൽ കൂടുതലുള്ള ചുമ, രാത്രികാലങ്ങളിലുണ്ടാകുന്ന പനി, വിറയൽ, ശരീരം ക്ഷീണിക്കുക, ഭാരം കുറഞ്ഞുവരിക, രക്തം ചുമച്ചു തുപ്പുക, രക്തമയം കലർന്ന കഫം, വിശപ്പില്ലായ്മ തുടങ്ങിയവയാണു ക്ഷയരോഗ ലക്ഷണങ്ങൾ.
ശ്വാസകോശ ക്ഷയരോഗ ലക്ഷണങ്ങൾ
* 2 ആഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ
* വിട്ടുമാറാത്ത പനി * വിശപ്പില്ലായ്മ
* ഭാരക്കുറവ് * രക്തമയം കലർന്ന കഫം
ശ്വാസകോശേതര
ക്ഷയരോഗ ലക്ഷണങ്ങൾ
* ഭാരക്കുറവ് * കഴലവീക്കം
* സന്ധികളിലുളവാകുന്ന വീക്കം
* രാത്രികാലങ്ങളിലുണ്ടാകുന്ന
അമിതമായ വിയർക്കൽ
* രണ്ടാഴ്ചയിലധികം
നീണ്ടുനിൽക്കുന്ന പനി
പകരുന്നത്
ക്ഷയരോഗം വായുവിലൂടെയാണു പകരുന്നത്. ശ്വാസകോശ ക്ഷയരോഗം ബാധിച്ച ഒരു വ്യക്തിയിൽ നിന്ന് ഒരു വർഷം 10 മുതൽ 15 വരെ ആളുകൾക്ക് രോഗം പകരാൻ സാധ്യതയുണ്ട്.
ശ്വാസകോശ ക്ഷയരോഗം ബാധിച്ച് ഒരു വ്യക്തി ചുമയ്ക്കുന്പോഴും തുമ്മുന്പോഴും ലക്ഷക്കണക്കിനു രോഗാണുക്കൾ അന്തരീക്ഷത്തിലെത്തിച്ചേരുന്നു.
ഈ വായു ശ്വസിക്കാനിടവരുന്ന മറ്റു വ്യക്തികൾ ക്ഷയരോഗാണുബാധിതരാകുന്നു. ക്ഷയരോഗാണുബാധിതരാകുന്ന വ്യക്തികളുടെ രോഗപ്രതിരോധശേഷി ഏതെങ്കിലും കാരണങ്ങളാൽ കുറയാനിടവരുന്ന സാഹചര്യങ്ങളിൽ ക്ഷയരോഗാണുക്കൾ പെരുകുകയും ആ വ്യക്തി ക്ഷയരോഗിയായി മാറുകയും ചെയ്യും.
ജാഗ്രത വേണ്ടവർ
* പ്രമേഹരോഗികൾ
* ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ
* എച്ച്ഐവി അണുബാധിതർ
* അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ
* മദ്യപാനികൾ, പുകവലിക്കാർ, മറ്റു ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നവർ എന്നിവരിൽ രോഗപ്രതിരോധശേഷി കുറവായതിനാൽ ക്ഷയരോഗം എളുപ്പം പിടിപെടാം. ആയതിനാൽ അത്തരം വ്യക്തികളിൽ ക്ഷയകരോഗലക്ഷണങ്ങൾ പ്രകടമായാൽ ക്ഷയകരോഗനിർണയ പരിശോധന നിർബന്ധമായും നടത്തേണ്ടതാണ്.
ശ്രദ്ധിക്കുക
1. തുറസായ സ്ഥലങ്ങളിൽ തുപ്പരുത്.
2. ചുമയ്ക്കുന്പോഴും തുമ്മുന്പോഴും തൂവാല കൊണ്ട് വായും
മുഖവും മറച്ചുപിടിക്കുക.
3. ക്ഷയരോഗബാധിതർ കഫം അടപ്പുള്ള പാത്രത്തിൽ ശേഖരിച്ച്് ഫിനോൾ ഒഴിച്ചു നിർവീര്യമാക്കിയ ശേഷം മണ്ണിൽ
കുഴിച്ചുമൂടുക.
4. ക്ഷയരോഗബാധിതരുടെ വീട്ടിൽ 6 വയസിനു താഴെയുള്ള കുട്ടികളുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ടിബി ഇല്ലായെന്ന് ഉറപ്പുവരുത്തിയശേഷം രോഗം പകരാതിരിക്കാൻ വേണ്ട പ്രതിരോധമരുന്നുകൾ നല്കുക.
5. ക്ഷയരോഗബാധിതരുടെ വീട്ടിൽ ആർക്കെങ്കിലും ചുമയുണ്ടെങ്കിൽ നിർബന്ധമായും കഫപരിശോധന നടത്തുക.
(തുടരും)
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ,
ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.