തൃശൂർ: അന്തരിച്ച നടനും മുൻ എംപിയുമായ ഇന്നസെന്റിനൊപ്പമുള്ള എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ ഫ്ലക്സ് വിവാദത്തിൽ പരാതിയുമായി എൽഡിഎഫ്. സുരേഷ് ഗോപിക്കെതിരേ എൽഡിഎഫ് തൃശൂർ ജില്ലാ കമ്മിറ്റിയാണ് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരേ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് പരാതി.
ഇരിങ്ങാലക്കുടയിൽ സ്ഥാപിച്ച ‘സുരേഷ് ഗോപിയെ വിജയിപ്പിക്കുക’ എന്നെഴുതിയ ഫ്ലക്സാണ് വിവാദത്തിലായത്. ‘മോദിയുടെ ഗ്യാരണ്ടി തൃശൂരിനൊരു കേന്ദ്രമന്ത്രി. എല്ലാത്തിനുമപ്പുറം സൗഹൃദം. സുരേഷ് ഗോപിയെ വിജയിപ്പിക്കുക’- എന്നാണ് ഫ്ലക്സ് ബോർഡിലുള്ളത്.
അതേസമയം, 2014ലെ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി ഇന്നസെന്റിന് വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു. പക്ഷേ അന്ന് സുരേഷ് ഗോപി രാജ്യസഭാംഗമായിരുന്നില്ല. രാഷ്ട്രീയത്തിനപ്പുറം ഇരുവരും തമ്മിൽ വളരെ നല്ല സൗഹൃദമായിരുന്നു. വിവാദത്തോട് സുരേഷ് ഗോപിയോ ബിജെപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.