തൃശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായ സുരേഷ് ഗോപിയുടെയും അന്തരിച്ച നടൻ ഇന്നസെന്റിന്റെയും ചിത്രം പതിച്ച പ്രചാരണ ബോർഡ് നീക്കി. ഇന്നസെന്റിന്റെ ചിത്രം ദുരുപയോഗപ്പെടുത്തിയെന്ന് ആരോപിച്ച് എല്‍ഡിഎഫ് ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കിയതിനു പിന്നാലെയാണ് ബോര്‍ഡ് നീക്കിയത്.
തങ്ങളുടെ അനുവാദത്തോടെയല്ല ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതെന്നും പാര്‍ട്ടിയുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഇന്നസെന്റിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.
ഇരിങ്ങാലകുട ബസ് സ്റ്റാൻഡ് എകെപി റോഡിലെ ഒഴിഞ്ഞ പറമ്പിൽ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എൽഡിഎഫ് സ്ഥാനാർഥി സുനില്‍കുമാറിന്റെയും ഇന്നസെന്റിന്റെയും ചിത്രമടങ്ങിയ ബോര്‍ഡാണ് ആദ്യം ഉയര്‍ന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി എന്‍ഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയും ഇന്നസെന്റും ഒരുമിച്ചുള്ള ചിത്രം സഹിതം അവിടെ ബോര്‍ഡ് ഉയർന്നതോടെ സംഭവം വിവാദമാകുകയായിരുന്നു. എല്ലാത്തിനപ്പുറം സൗഹൃദം എന്നായിരുന്നു ബോർഡിൽ എഴുതിയിരുന്നത്.
ഇതിനു പിന്നാലെ എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. മണി ജില്ലാ കളക്ടർക്ക് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും, ദുരുപയോഗം ചെയ്ത് സ്ഥാപിച്ച ബോർഡുകൾ മാറ്റണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
‘മോദിയുടെ ഗ്യാരണ്ടി തൃശൂരിനൊരു കേന്ദ്രമന്ത്രി. എല്ലാത്തിനുമപ്പുറം സൗഹൃദം. സുരേഷ് ഗോപിയെ വിജയിപ്പിക്കുക’- എന്നാണ് ഫ്ലക്സ് ബോർഡിലുള്ളത്.
അതേസമയം, 2014ലെ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി ഇന്നസെന്റിന് വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു. പക്ഷേ അന്ന് സുരേഷ് ഗോപി രാജ്യസഭാംഗമായിരുന്നില്ല. രാഷ്ട്രീയത്തിനപ്പുറം ഇരുവരും തമ്മിൽ വളരെ നല്ല സൗഹൃദമായിരുന്നു. വിവാദത്തോട് സുരേഷ് ഗോപിയോ ബിജെപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.