സൂറത്ത്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യജയം കുറിച്ച് ബിജെപി. ഗുജറാത്തിലെ സൂറത്തിൽ ബിജെപി സ്ഥാനാർഥി മുകേഷ് ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സൂറത്തിലെ കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാനിയുടെയും ഡമ്മി സ്ഥാനാർഥിയുടെയും പത്രിക ഞായറാഴ്ച തള്ളിയിരുന്നു.
സ്ഥാനാർഥികളെ പിന്തുണച്ചുകൊണ്ടുള്ളവരുടെ ഒപ്പ് വ്യാജമാണെന്ന ആക്ഷേപത്തെത്തുടർന്നാണ് പത്രിക തള്ളിയത്. ഒപ്പ് തങ്ങളുടേതല്ലെന്ന് പിന്തുണച്ചവർ ജില്ലാ ഇലക്ഷൻ ഓഫീസറെ അറിയിക്കുകയായിരുന്നു.
ബിഎസ്പി സ്ഥാനാർഥിയും മൂന്നു സ്വതന്ത്രരും ഇന്നലെ പത്രിക പിൻവലിച്ചതോടെ ദലാൽ എതിരില്ലാതെ ലോക്സഭയിലെത്തി. മേയ് ഏഴിനാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. 1989 മുതൽ ബിജെപി വിജയിക്കുന്ന മണ്ഡലമാണു സൂറത്ത്. 2014, 2019 തെരഞ്ഞെടുപ്പുകളിൽ ബിജെപിയിലെ ദർശന ജർദോഷ് അഞ്ചു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൂറത്ത് ആദ്യതാമര സമ്മാനിച്ചുവെന്നായിരുന്നു ഗുജറാത്ത് ബിജെപി അധ്യക്ഷൻ സി.ആർ. പാട്ടീലിന്റെ പ്രതികരണം. ജനാധിപത്യം കടുത്ത ഭീഷണി നേരിടുകയാണെന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.