ഏറ്റുമാനൂർ: അർധരാത്രിയിൽ സംഘം ചേർന്ന് മദ്യപിക്കുന്നതിനിടെ പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു. നാൽപാത്തിമല തടത്തിൽ സുരേന്ദ്രന്റെ മകൻ ആകാശ് സുരേന്ദ്രൻ (19) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒരു മണിയോടെ എംജി യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിനു സമീപം നാൽപാത്തിമലയിലാണ് സംഭവം.
യൂണിവേഴ്സിറ്റി ഹോസ്റ്റലിന് എതിർവശത്തുള്ള വിജനമായ പുരയിടത്തിൽ സംഘം ചേർന്ന് മദ്യപിക്കുകയായിരുന്നു ആകാശും സുഹൃത്തുക്കളും. ഇതിനിടെ അതുവഴി ഗാന്ധിനഗർ പോലീസിന്റെ പട്രോളിംഗ് സംഘം എത്തുന്നതു കണ്ട് ഭയന്ന സംഘം ചിതറിയോടുകയായിരുന്നു.
പല തട്ടുകളായി തിരിച്ചിരിക്കുന്ന പുരയിടത്തിന്റെ മുകളിലത്തെ തട്ടിൽനിന്ന് താഴേക്ക് ചാടിയ ആകാശ് നേരേ കിണറ്റിലേക്ക് വീഴുകയായിരുന്നു. പോലീസ് ജീപ്പ് കടന്നു പോയ ശേഷം വീണ്ടും സംഘാംഗങ്ങൾ ഒത്തുകൂടിയപ്പോൾ ആകാശ് ഉണ്ടായിരുന്നില്ല. സംഘാംഗങ്ങൾ നടത്തിയ തെരച്ചിലിലാണ് ആകാശ് കിണറ്റിൽ വീണത് അറിയുന്നത്.
അവർതന്നെ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. രണ്ടു മണിക്ക് ഫയർഫോഴ്സ് എത്തി കിണറ്റിൽനിന്ന് പുറത്തെടുക്കുമ്പോഴേക്കും ആകാശ് മരിച്ചിരുന്നു.മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം തിങ്കളാഴ്ച വൈകുന്നേരം സംസ്കരിച്ചു.