ചൂട്ടുപൊള്ളുന്ന ചൂടാണ് രാജ്യത്ത് ഇപ്പോൾ അനുഭവപ്പെടുന്നത്. രാജ്യത്തെ താപനിലയുടെ നിരക്ക് വാർത്തയിൽ പറയുന്നതിനിടെ അവതാരക കഠിനമായ ചൂട് കാരണം രക്തസമ്മർദം താഴ്ന്ന് ബോധരഹിതയായി വീഴുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
ദൂരദര്ശന് കൊല്‍ക്കത്ത സെക്ഷന്‍ അവതാരക ലോപാമുദ്ര സിന്‍ഹയാണ് താപനില അപ്ഡേറ്റുകള് വായിക്കുന്നതിനിടെ ബോധരഹിതയായി വീണത്. ‘ടെലി പ്രോംപ്റ്റര്‍ മാഞ്ഞു, ഞാന്‍ ബ്ലാക്ക് ഔട്ടായി, ബോധരഹിതയായി വീണു’എന്നാണ് ഇവര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.
തന്റെ 21 വർഷത്തെ കരിയറിൽ പ്രക്ഷേപണത്തിനിടെ ബുദ്ധിമുട്ടുകളൊന്നും തോന്നിയിട്ടില്ല, എന്നാൽ സംഭവം നടന്ന ദിവസം വാർത്ത വായിച്ച് തുടങ്ങി പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ തൊണ്ട ഉണങ്ങുന്ന പോലെ തോന്നി, തുടർന്ന് വിഷ്വൽസും സ്റ്റോറിയും ഓൺ എയർ പോവുന്നതിനിടെ ഫ്ലോർ മാനേജരോട് വെള്ളം തരാൻ പറഞ്ഞു. എന്നാൽ ഹോൾഡ് ചെയ്യുന്ന വാർത്തകളൊന്നും ഇല്ലാത്തതിനാൽ വെള്ളം കുടിക്കാനുള്ള സമയം കിട്ടിയില്ലെന്നും ലോപ വ്യക്തമാക്കി.
തുടർന്ന് ബുള്ളറ്റിന്റെ അവസാനഘട്ടത്തിലാണ് ലോപ വെള്ളം കുടിക്കുന്നത്. എന്നാൽ കാലാവസ്ഥാ അപ്ഡേറ്റ് പറയുന്നതിനിടെ ടെലി പ്രോംപ്റ്റർ മാഞ്ഞ് പോകുന്നത് പോലെ തോന്നിയെന്നും പിന്നാലെ താൻ ബോധരഹിതയായി വീഴുകയായിരുന്നെന്നും അവർ പറഞ്ഞു.