ടൊറൊന്റോ: ഡി. ഗുകേഷ് എന്ന ദൊമ്മരാജു ഗുകേഷ്… ലോകത്തിനു മുന്നിൽ ഇന്ത്യൻ ചെസിന്റെ പുതിയ മുഖം. ഫിഡെ 2024 കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ജയം കുറിച്ചതോടെ ചരിത്രത്താളുകളിൽ ഡി. ഗുകേഷ് എന്ന പേര് ചേർക്കപ്പെട്ടു.
ചെസ് ഇതിഹാസങ്ങളായ അമേരിക്കയുടെ ബോബി ഫിഷറിനും നോർവെയുടെ മാഗ്നസ് കാൾസനും ശേഷം ഫിഡെ കാൻഡിഡേറ്റ് ടൂർണമെന്റിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റിക്കാർഡുമായാണ് പതിനേഴുകാരനായ ഗുകേഷ് കാനഡയിലെ ടൊറൊന്റോയിൽ എത്തിയത്.
ഈ മാസം നാല് മുതൽ 21 വരെയായി നീണ്ട 14 റൗണ്ട് പോരാട്ടത്തിനൊടുവിൽ ഒന്പത് പോയിന്റുമായി ഗുകേഷ് ചാന്പ്യനായി. അതോടെ കാൻഡിഡേറ്റ്സ് ചാന്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ചരിത്രവും ഈ ചെന്നൈ സ്വദേശിക്കു സ്വന്തം.
2022 കാൻഡിഡേറ്റ്സ് ചാന്പ്യനായ റഷ്യയുടെ ഇയാൻ നിപോംനിഷി, ലോക രണ്ടും മൂന്നും നന്പറുകാരായ അമേരിക്കയുടെ ഫാബിയാനൊ കരുവാന, ഹികാരു നാകാമുറ എന്നീ ഫേവറിറ്റുകളെ നിഷ്പ്രഭമാക്കിയാണ് ഗുകേഷ് ചാന്പ്യനായത്.
14-ാം റൗണ്ടിൽ നാകാമുറയെ സമനിലയിൽ തളച്ചായിരുന്നു ഗുകേഷ് ചാന്പ്യനായത്. 10 സ്ഥാനം മുന്നേറി ലോക റാങ്കിംഗിൽ ആറാം സ്ഥാനത്തും ഗുകേഷ് എത്തി.
ഫോട്ടോഫിനിഷ്
ഗുകേഷ് (8.5), ഇയാൻ നിപോംനിഷി, നാകാമുറ, കരുവാന (മൂവർക്കും എട്ട്) എന്നിങ്ങനെയായിരുന്നു 13-ാം റൗണ്ട് പൂർത്തിയായപ്പോൾ സ്കോർ. ഗുകേഷും നാകാമുറയും തമ്മിലും നിപോംനിഷിയും കരുവാനയും തമ്മിലുമായിരുന്നു 14-ാം റൗണ്ട്. ഗുകേഷ് x നാകാമുറ മത്സരം സമനിലയിൽ കലാശിച്ചതോടെ ഏവരുടെയും ശ്രദ്ധ നിപോംനിഷി x കരുവാന പോരാട്ടത്തിലേക്കായി. 71 നീക്കത്തിനു ശേഷമായിരുന്നു ഗുകേഷും നാകാമുറയും സമനിലയിൽ പിരിഞ്ഞത്.
ഒന്പത് പോയിന്റിൽ ഗുകേഷ് 14 റൗണ്ടും പൂർത്തിയാക്കിയതോടെ നിപോംനിഷി x കരുവാന മത്സരത്തിൽ ആരെങ്കിലും ജയിച്ചാൽ അയാൾക്കും ഒന്പത് പോയിന്റിൽ എത്താം എന്ന സാഹചര്യമായി. അങ്ങനെയെങ്കിൽ ചാന്പ്യനെ നിശ്ചയിക്കാൻ ടൈബ്രേക്കർ പോരാട്ടം അരങ്ങേറും എന്നതാണ് കാൻഡിഡേറ്റ്സ് ടൂർണമെന്റിന്റെ നിയമം.
എന്നാൽ, 109 നീക്കങ്ങൾക്കൊടുവിൽ നിപോംനിഷിയും കരുവാനയും സമനിലയിൽ പിരിഞ്ഞു. അതോടെ ഗുകേഷ് ചാന്പ്യൻ. നിപോംനിഷിയും കരുവാനയും തമ്മിലുള്ള മത്സരം തന്റെയും സിരകളെ ചൂടുപിടിപ്പിച്ചെന്ന് കാൻഡിഡേറ്റ്സ് ചാന്പ്യനായശേഷം ഗുകേഷ് തുറന്നു പറഞ്ഞു.
14-ാം റൗണ്ടിലെ മറ്റ് മത്സരങ്ങളിൽ ആർ. പ്രജ്ഞാനന്ദ അസർബൈജാന്റെ നിജത് അബാസോവിനെ തോൽപ്പിച്ചപ്പോൾ ഫ്രാൻസിന്റെ അലിറേസ ഫിറോസ്ജയും ഇന്ത്യയുടെ വിദിത് ഗുജറാത്തിയും സമനിലയിൽ പിരിഞ്ഞു.
ഫിഡെ 2024 കാൻഡിഡേറ്റ്സ് ടൂർണമെന്റ് ചാന്പ്യനായതോടെ ലോക ചെസ് ചാന്പ്യൻഷിപ്പ് കിരീടത്തിനായി പോരാടാനുള്ള യോഗ്യത ഡി. ഗുകേഷ് സ്വന്തമാക്കി. വിശ്വനാഥൻ ആനന്ദിനുശേഷം കാൻഡിഡേറ്റ്സ് ചെസ് ചാന്പ്യനാകുകയും ലോക ചെസ് ചാന്പ്യൻഷിപ്പ് പോരാട്ടരംഗത്ത് എത്തുകയും ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനാണ് ഗുകേഷ്. ചൈനയുടെ ഡിങ് ലിറൻ ആണ് നിലവിലെ ലോക ചെസ് ചാന്പ്യൻ. ഡിങ് ലിറൻ കിരീടം നിലനിർത്താനായി ഗുകേഷിനോട് പോരാടും. ലിറനെ കീഴടക്കിയാൽ ആനന്ദിനുശേഷം വിശ്വചാന്പ്യനാകുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടമാണ് ഗുകേഷിനെ കാത്തിരിക്കുന്നത്.
ലിറൻ അസുഖബാധിതൻ
2023 ലോക ചെസ് ചാന്പ്യനായശേഷം ഡിങ് ലിറൻ വിവിധ ടൂർണമെന്റുകളിൽനിന്ന് പിന്മാറിയിരുന്നു. അസുഖബാധിതനായതോടെയായിരുന്നു സൂപ്പർബെറ്റ് ചെസ് ക്ലാസിക്, ഗ്രാൻഡ് ചെസ് ടൂർ തുടങ്ങിയ ടൂർണമെന്റുകളിൽനിന്നെല്ലാം ലിറൻ വിട്ടുനിന്നത്. എന്നാൽ, രോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടില്ല. 2024 ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിലൂടെയാണ് പിന്നീട് ലിറൻ തിരിച്ചെത്തിയത്. ലോക ചെസ് ചാന്പ്യൻ പട്ടം നിലനിർത്താനുള്ള പോരാട്ടത്തിന് തയാറാണെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ലിറന്റെ ആ തിരിച്ചുവരവ്.
നേർക്കുനേർ
പ്രായത്തേക്കാൾ ഇരുത്തം വന്ന കളിക്കാരനാണ് ഗുകേഷ് എന്നാണ് കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ഇന്ത്യൻ താരം ജയിച്ചപ്പോൾ ഡിങ് ലിറൻ നടത്തിയ ആദ്യ പ്രതികരണം. ലോക ചെസ് ചാന്പ്യൻപട്ടം നിലനിർത്താൻ ഗുകേഷുമായുള്ള പോരാട്ടം കടുപ്പമേറിയതായിരിക്കുമെന്നും എന്നാൽ, ക്ലാസിക്കൽ ചെസിൽ തനിക്ക് ഗുകേഷിനുമേൽ മുൻതൂക്കമുണ്ടെന്നും ലിറൻ വ്യക്തമാക്കി.
ക്ലാസിക്കൽ ചെസിൽ ഇരുവരും രണ്ടു തവണ ഇതുവരെ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ടിലും ലിറൻ ജേതാവായി.
2024 കാൻഡിഡേറ്റ്സ്
താരം, സ്കോർ, ജയം (പുരുഷന്മാർ)
ഡി. ഗുകേഷ് 9 5
ഹികാരു നാകാമുറ 8.5 5
ഇയാൻ നിപോംനിഷി 8.5 3
ഫാബിയാനൊ കരുവാന 8.5 4
ആർ. പ്രജ്ഞാനന്ദ 7 3
വിദിത് ഗുജറാത്തി 6 3
അലിറേസ ഫിറോസ്ജ 5 2
നിജത് അബാസോവ് 3.5 0