ജയ്പുർ: ഐപിഎൽ ട്വന്റി20 ക്രിക്കറ്റിലെ രാജസ്ഥാനം വിട്ടു കളയാതെ രാജസ്ഥാൻ റോയൽസ്. ഹോം മത്സരത്തിൽ രാജസ്ഥാൻ ഒമ്പത് വിക്കറ്റിന് മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചു.
സ്കോർ: മുംബൈ ഇന്ത്യൻസ് 179/9 (20). രാജസ്ഥാൻ റോയൽസ് 183/1 (18.4). ജോസ് ബട് ലറിന്റെ (25 പന്തിൽ 35) വിക്കറ്റ് മാത്രമാണ് ആതിഥേയർക്ക് ചേസിംഗിടെ നഷ്ടപ്പെട്ടത്.
സീസണിൽ ആദ്യമായി മിന്നും ബാറ്റിംഗുമായി യശസ്വി ജയ്സ്വാൾ കളം നിറഞ്ഞു. സെഞ്ചുറി നേടിയ ജയ്സ്വാളിന് (60 പന്തിൽ 104) ഒപ്പം സഞ്ജു സാംസണും (28 പന്തിൽ 38) പുറത്താകാതെ നിന്നു.
രാജസ്ഥാൻ റോയൽസ് പേസർ സന്ദീപ് ശർമയുടെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു മുംബൈ ഇന്നിംഗ്സിലെ ഹൈലൈറ്റ്. നാല് ഓവറിൽ 18 റണ്‍സ് വഴങ്ങിയ സന്ദീപ് അഞ്ച് വിക്കറ്റ് സ്വന്തമാക്കി. ഇഷാൻ കിഷൻ (0), സൂര്യകുമാർ യാദവ് (10), തിലക് വർമ (65), ടിം ഡേവിഡ് (3), ജെറാൾഡ് കോറ്റ്സി (0) എന്നിവരായിരുന്നു സന്ദീപിന്റെ ഇരകൾ.
ഐപിഎൽ ചരിത്രത്തിൽ രാജസ്ഥാനുവേണ്ടി അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവയ്ക്കുന്ന നാലാമത് ബൗളറാണ് സന്ദീപ് ശർമ. 45 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറും അടക്കം 65 റണ്‍സ് നേടിയ തിലക് വർമയാണ് മുംബൈ ഇന്നിംഗ്സിലെ ടോപ് സ്കോറർ. നേഹൽ വാഡിയ 24 പന്തിൽ 49 റണ്‍സ് നേടി.
ചാഹൽ @ 200
ഐപിഎൽ ചരിത്രത്തിൽ 200 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളർ എന്ന നേട്ടത്തിൽ രാജസ്ഥാന്റെ യുസ്വേന്ദ്ര ചാഹൽ. മുംബൈയുടെ മുഹമ്മദ് നബിയെ (23) പുറത്താക്കിയാണ് ചാഹൽ 200 വിക്കറ്റ് തികച്ചത്. രാജസ്ഥാനുവേണ്ടി ട്രെന്റ് ബോൾട്ട് രണ്ട് വിക്കറ്റ് സ്വന്തമാക്കി. ഐപിഎൽ ചരിത്രത്തിൽ ആദ്യ ഓവറിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എന്ന നേട്ടത്തിൽ (26) ബോൾട്ട് എത്തി.