തിരുവില്വാമല: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മൂന്നാം ക്ലാസ് വിദ്യാർഥിനി ആദിത്യശ്രീ കൊല്ലപ്പെട്ടിട്ട് നാളേക്ക് ഒരു വർഷം തികയുന്നു. കേരളത്തെ മുഴുവൻ ഞെട്ടിച്ച ഈ ദുരന്തം നടന്ന് ഒരു വർഷമാകുമ്പോഴും സംഭവത്തിലെ ദുരൂഹത മാറിയിട്ടില്ല.
പൊട്ടിത്തെറി എങ്ങനെയാണ് സംഭവിച്ചത് എന്നതിനെക്കുറിച്ചും എന്താണ് പൊട്ടിത്തെറിച്ചത് എന്നതും വ്യക്തമായ ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്.
കഴിഞ്ഞ ഏപ്രില്‍ 24ന് രാത്രിയിലായിരുന്നു മുന്‍ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെയും സൗമ്യയുടെയും ഏക മകള്‍ ആദിത്യശ്രീയുടെ (എട്ട്) മരണം.
മൊബൈൽ ഫോൺ കണ്ടുകൊണ്ടിരിക്കെ ഫോൺ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നായിരുന്നു ആദ്യമെല്ലാം കരുതിയിരുന്നത്. എന്നാൽ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചല്ല കുട്ടി മരിച്ചതെന്നും സ്ഫോടക വസ്തുപൊട്ടിത്തെറിച്ചാണെന്നും ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍നിന്നുള്ള പരിശോധന ഫലം പുറത്തുവന്നതോടെ ആശയക്കുഴപ്പമായി.
ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട അന്വേഷണം അവസാന ഘട്ടത്തിൽ ആണെന്ന് പോലീസ് പറയുന്നു. തെരഞ്ഞെടുപ്പിന് ശേഷം അന്വേഷണം ഊർജിതമായി മുന്നോട്ടുകൊണ്ടുപോകുമെന്നു കുന്നംകുളം എസിപി പറഞ്ഞു.
ശശികുമാർ പകവത്ത്