പുത്തൂർ (തൃശൂർ): വീട്ടുവളപ്പിലെ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. പുത്തൂർ മാന്ദാമംഗലം വെള്ളക്കാരിത്തടം ആനക്കുഴിയിൽ വീട്ടുവളപ്പിലെ കിണറ്റില്‍ വീണ കാട്ടാനയാണ് ചരിഞ്ഞത്.
ഇന്നലെ അർധരാത്രി 12 മണിയോടെയാണ് പ്ലാവിലെ ചക്ക തിന്നാൻ എത്തിയ കാട്ടാന കുരിക്കാശേരി സുരേന്ദ്രന്റെ വീട്ടിലെ കിണറ്റില്‍ വീണത്. ആനയുടെ ശബ്ദം കേട്ട് സമീപത്തെ വീട്ടുകാർ ലൈറ്റ് തെളിയിച്ച ഉടൻ ആന പിന്നിലേക്ക് നടന്ന് കിണറ്റിൽ വീഴുകയായിരുന്നു.
ഒന്പതുകോൽ ആഴമുള്ള കിണറിന് വട്ടം കുറവായതിനാൽ ആനയ്ക്ക് എഴുന്നേൽക്കാനായില്ല . ആനയുടെ കൊമ്പ് മുകളിലേക്ക് ഉയർന്ന് നിൽക്കുന്ന നിലയിലായിരുന്നു. ആന വീണതറിഞ്ഞ ഉടൻ നാട്ടുകാർ സമീപത്തെ മാന്ദാമംഗലം ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചു.
ഉദ്യോഗസ്ഥർ ഉടൻതന്നെ സ്ഥലത്തെത്തി.
മണ്ണുമാന്തി യാന്ത്രം എത്തിച്ച് ആനയെ പുറത്ത് എത്തിക്കുന്നതിനായി കിണറിന് സമീപത്തെ മണ്ണ് നീക്കി വഴിവെട്ടിയെങ്കിലും ഇതിനിടെ ആനയ്ക്ക് അനക്കമില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കടക്കം സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ആന ചരിഞ്ഞതായി ബോധ്യമായത്.
ഇതോടെ മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവർത്തനം വിഫലമാവുകയായിരുന്നു. വെളുപ്പിന് അഞ്ചര വരെ ആനയയ്ക്ക് ജീവനുണ്ടായിരുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായതിനാൽ കൃഷിയിറക്കാൻ ബുദ്ധിമുട്ടാണെന്നു നാട്ടുകാർ പറഞ്ഞു. കാട്ടാന ശല്യം രൂക്ഷമായതിനെത്തുടർന്ന് ആറ് വീട്ടുകാർ ഇതിനകം താമസ സ്ഥലം മാറിയതായും നാട്ടുകാർ പറയുന്നു.
ഡിഎഫ്ഒ രവികുമാർ മീണ, പട്ടിക്കാട് റെയ്ഞ്ച് ഓഫിസർ എ.സി. റെഞ്ചി, മാന്ദാമംഗലം ഫോസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചർ എം. ഷാജഹാൻ എന്നിവർ സഥലത്ത് എത്തിയിരുന്നു. പോസ്റ്റ് മാർട്ടത്തിന് ശേഷം ആനയുടെ ജഡം വനത്തിൽ തന്നെ സംസ്കരിക്കും.