കണ്ണൂർ: രാജ്യത്തെ പ്രഥമ തെരഞ്ഞെടുപ്പ് മുതൽ ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിൽ വരെ ചിഹ്നം മാറാത്ത ഏക പാർട്ടിയെന്ന ഖ്യാതി സിപിഐക്ക് സ്വന്തം. 1952ൽ നടന്ന പ്രഥമ തെരഞ്ഞെടുപ്പ് മുതലിങ്ങോട്ട് ഏഴു പതിറ്റാണ്ടിലേറെയായി ഏറ്റവും കൂടുതൽ തെരഞ്ഞെടുപ്പ് നേരിട്ട ചിഹ്നമാണ് സിപിഐയുടെ അരിവാളും ധാന്യക്കതിരും.
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായിരുന്നു അരിവാളും നെൽക്കതിരും 1964ൽ കൽക്കത്ത തീസിസിനെ തുടർന്ന് സിപിഐയിൽ നിന്ന് ഭിന്നിച്ച് ഒരു വിഭാഗം സിപിഎം രൂപീകരിച്ചുവെങ്കിലും അരിവാളും നെൽക്കതിരും സിപിഐക്ക് തന്നെ ലഭിച്ചു.
പൊതുവെ അരിവാളും ധാന്യക്കതിരുമെന്നാണ് ചിഹ്നത്തെ വിളിക്കാറെങ്കിലും ഉത്തരേന്ത്യയിൽ പ്രാദേശികമായി അരിവാളും ഗോതന്പും അരിവാളും ചോളവും എന്നു പറയാറുണ്ട്. ദക്ഷിണേന്ത്യയിലാകട്ടെ അരിവാളും നെൽക്കതിരെന്നുമാണ് പറയാറ്.
കാലത്തിനൊപ്പം ചില പാർട്ടികളുടെ ചിഹ്നങ്ങളും മാറി. പലപ്പോഴും പാർട്ടികളിലെ പിളർപ്പ്, പാർട്ടികളുടെ ദേശീയാംഗീകാരം നഷ്ടപ്പെട്ടതിലൂടെ ഒരു പാർട്ടിയുടെ ചിഹ്നം മറ്റൊരു പാർട്ടിക്ക് കിട്ടുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.
നെഹ്റുവിന്റെ കാലത്ത് നുകമേന്തിയ കാളയായിരുന്നു കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം. 1969ൽ പാർട്ടി പിളർന്നതിനെ തുടർന്ന് ഇന്ദിരാ ഗാന്ധി നേതൃത്വം നൽകിയ കോൺഗ്രസ്-ആറിന് കാളയും കിടാവും ചിഹ്നമായി ലഭിച്ചു. 1978ൽ ഇന്ദിരാ ഗാന്ധി കോൺഗ്രസ്-ഐ രൂപീകരിച്ചപ്പോൾ പശുവും കിടാവും ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. ഇന്ദിര കൈപ്പത്തി ചിഹ്നമായി സ്വീകരിച്ചു.
1952ലെ പ്രഥമ തെരഞ്ഞെടുപ്പിൽഫോർവേർഡ് ബ്ലോക്കിലെ ഒരു വിഭാഗത്തിന്റെ ചിഹ്നമായ കൈപ്പത്തിയാണ് കോൺഗ്രസ്-ഐക്ക് ലഭിച്ചത്. ആദ്യ തെരഞ്ഞെടുപ്പിൽ ഫോർവേർഡ് ബ്ലോക്കിന്റെ മോശം പ്രകടനത്തെ തുടർന്നായിരുന്നു അവർക്ക് കൈപ്പത്തി നഷ്ടമായത്. ഭരണഘടനാ ശില്പി ഡോ. ബി.ആർ.അബേദ്കർ രൂപം നൽകിയ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷനായിരുന്നു ആദ്യം ആന ചിഹ്നമായി ലഭിച്ചത്.
തെരഞ്ഞെടുപ്പുകളിലെ മോശം പ്രകടനത്തെ തുടർന്ന് ഇവർക്ക് ആന നഷ്ടപ്പെടുകയും പിന്നീട് ബിഎസ്പിക്ക് ലഭിക്കുകയും ചെയ്തു. എണ്ണവിളക്കുമായാണ് ജനസംഘം ആദ്യം തെരഞ്ഞെടുപ്പ് നേരിട്ടത്. ജനസംഘം ഭാരതീയ ജനതാ പാർട്ടിയായി മാറിയപ്പോൾ ചിഹ്നം താമരയായി.
സോഷ്യലിസ്റ്റ് കൂട്ടായ്മയിൽ രൂപപ്പെട്ട ജനതാ പാർട്ടിയുടേത് കലപ്പയേന്തിയ കർഷകനായിരുന്നു ചിഹ്നം. ജനതാ പാർട്ടി പലതായി പിരിഞ്ഞപ്പോൾ കലപ്പയേന്തിയ കർഷകനും വിസ്മൃതിയിലായി. പലതായി പിരിയപ്പെട്ട പഴയ ജനത പാർട്ടികളിലെ വിഭാഗങ്ങൾ പിന്നീട് ചക്രം, റാന്തൽ, കറ്റയേന്തിയ വനിത എന്നിങ്ങനെയുള്ള ചിഹ്നങ്ങൾ സ്വീകരിക്കുകയായിരുന്നു. കോൺഗ്രസ് വിട്ട് എൻസിപി രൂപീകരിച്ച ശരത് പവാർ ടൈംപീസായിരുന്നു ചിഹ്നമായി സ്വീകരിച്ചത്.
പാർട്ടിയിലെ പിളർപ്പോടെ ടൈംപീസ് അജിത് പവാറ് സ്വന്തമാക്കി. എൻസിപി ചിഹ്നമായി കാഹളം മുഴക്കുന്ന കർഷകനെ ചിഹ്നമാക്കി. കോൺഗ്രസ്-എസിന്റെ ചർക്ക, അഖിലേന്ത്യാ ലീഗിന്റെ തോണി ഉൾപ്പെടെയുള്ളവയും കാലത്തിന്റെ കുതിപ്പിൽ അപ്രത്യക്ഷമായ ചിഹ്നങ്ങളിൽ ചിലതാണ്.
നിശാന്ത് ഘോഷ്