ന്യൂഡൽഹി: ശ്രീരാമന്റെ ചിത്രംപതിച്ച പ്ലേറ്റിൽ ബിരിയാണി വിളിമ്പിളയ ഡൽഹിയിലെ ഹോട്ടലുടമ തടി കേടാക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗിർപുരിയിലുള്ള ഹോട്ടലിൽ ബിരിയാണി പൊതിഞ്ഞുനൽകിയ ഡിസ്പോസിബിൾ പ്ലേറ്റിൽ ശ്രീരാമന്റെ ചിത്രം ഉണ്ടായിരുന്നു എന്നതാണു വിവാദത്തിനു കാരണം.
ടെലിഫോണിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പോലീസ് ഹോട്ടലുടമയെ വിളിച്ചുവരുത്തി ചോദ്യംചെയ്ത്. നിരപരാധിത്വം തെളിഞ്ഞതോടെ പ്ലേറ്റുകൾ കസ്റ്റഡിയിലെടുത്തശേഷം ഹോട്ടലുടമയെ വിട്ടയച്ചു.
ഒരു ഫാക്ടറിയിൽനിന്ന് ആയിരം പ്ലേറ്റുകൾ വാങ്ങിയതിൽ നാലെണ്ണത്തിൽ ശ്രീരാമന്റെ ചിത്രമുണ്ടായിരുന്നു എന്നാണ് അന്വേഷണത്തിൽ സ്ഥിരീകരിച്ചത്. ഇക്കാര്യം കടയുടമ ശ്രദ്ധിച്ചിരുന്നില്ല. ഇതു പരിഗണിച്ചാണ് കേസെടുക്കാതെ കടയുടമയെ വിട്ടയച്ചത്.
പരാതിയെത്തുടർന്ന് പോലീസ് സംഘം കടയിൽ എത്തിയപ്പോൾ നാലഞ്ചുപേർ പുറത്ത് പ്രതിഷേധിക്കുന്നുണ്ടായിരുന്നു. വിശദമായ അന്വേഷണം നടത്താമെന്ന പോലീസിന്റെ ഉറപ്പ് ലഭിച്ചതോടെയാണ് ഇവർ പിരിഞ്ഞുപോയത്.