ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താലിമാല പരാമർശത്തിനെതിരേ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. തങ്ങളുടെ പാർട്ടി 55 വർഷമായി രാജ്യം ഭരിച്ചിട്ടുണ്ടെന്നും ജനങ്ങളുടെ സ്വത്തുക്കൾ തട്ടിയെടുത്തിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.
തന്റെ കുടുംബത്തിലെ സ്ത്രീകൾ എങ്ങനെയാണ് രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തതെന്നും പ്രിയങ്ക വിവരിച്ചു.”കഴിഞ്ഞ രണ്ടു ദിവസമായി കോൺഗ്രസ് നിങ്ങളുടെ താലിയും സ്വർണവും തട്ടിയെടുക്കാൻ ആഗ്രഹിക്കുന്നുവെന്നു മോദി പറയുന്നു, കോൺഗ്രസ് സർക്കാർ 55 വർഷം അധികാരത്തിലുണ്ടായിരുന്നു.
ആരെങ്കിലും നിങ്ങളുടെ താലി തട്ടിയെടുത്തോ? ബംഗളൂരുവിൽ ഒരു റാലിയിൽ പ്രസംഗിക്കവേ പ്രിയങ്ക ഗാന്ധി ചോദിച്ചു. യുദ്ധകാലത്ത് ഇന്ദിരാഗാന്ധി തന്റെ സ്വർണം രാജ്യത്തിന് നൽകി.
എന്റെ അമ്മയുടെ മംഗളസൂത്രം രാജ്യത്തിന് വേണ്ടി ബലിയർപ്പിക്കപ്പെട്ടതാണ്. സ്ത്രീകളുടെ പോരാട്ടം ബിജെപിക്കാർക്കു മനസിലാക്കാൻ കഴിയില്ല എന്നതാണു സത്യം- പ്രിയങ്ക വികാരഭരിതയായി പറഞ്ഞു.