കൊച്ചി: 15-ാമത് ഗ്രീന്‍സ്റ്റോം ഗ്ലോബല്‍ ഫോട്ടോഗ്രഫി ഫെസ്റ്റിവലിന്റെ ഭാഗമായി ‘മനോഹരമായ ഭൂപ്രകൃതി’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഫെസ്റ്റിവലിലെ വിജയികളെ ഭൗമദിനത്തില്‍ പ്രഖ്യാപിച്ചു. 153 രാജ്യങ്ങളില്‍നിന്നു സമര്‍പ്പിക്കപ്പെട്ട 17,716 എന്‍ട്രികളില്‍നിന്ന് 13 ഫോട്ടോഗ്രാഫുകളാണ് തെരഞ്ഞെടുത്തത്.
കൊച്ചി ആസ്ഥാനമായ ഗ്രീന്‍സ്റ്റോം ഫൗണ്ടേഷനും ജി 20 ഗ്ലോബല്‍ ലാന്‍ഡ് ഇനിഷ്യേറ്റീവും ജര്‍മനിയിലെ ബോണ്‍ ആസ്ഥാനമായ യുഎന്‍ കണ്വന്ഷന് ടു കോംബാറ്റ് ഡെസര്‍ട്ടിഫിക്കേഷനും സംയുക്തമായാണു ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.
ഇന്തോനേഷ്യയിലെ ബ്രോമോ അഗ്നിപര്‍വതത്തിന്റെ പുലര്‍കാലദൃശ്യം പകര്‍ത്തിയാണ് മ്യാന്മറിലെ ഓങ് ചാന് തര്, കാമറ വിഭാഗത്തില്‍ ഒന്നാം സ്ഥാനം (10,000 ഡോളര്‍) നേടിയത്. രണ്ടാം സ്ഥാനം ഇറ്റലിയിലെ റോബര്‍ട്ടോ കൊറിനല്ഡെസിയാണ്.
കോണ്‍വാള്‍ ഭൂപ്രകൃതിയുടെ വര്‍ണാഭമായ ചിത്രത്തിനാണ് ഇദ്ദേഹം 5,000 ഡോളറിന്റെ രണ്ടാം സ്ഥാനം നേടിയത്. മ്യാന്മറിലെ സ്വര്‍ണ നിറത്തിലുള്ള നെല്‍വയലില്‍ നടന്നുനീങ്ങുന്ന ഒരു കുടുംബത്തിന്റെ ചിത്രമാണ് മ്യാന്മറില്നിന്നുള്ള മ്യത് സോ ഹെയ്ന് മൂന്നാം സ്ഥാനവും 3,000 ഡോളറും നേടിക്കൊടുത്തത്.
മൊബൈല്‍ ഫോണ്‍ വിഭാഗത്തില്‍, അരിസോണയിലെ മരുഭൂമിയില്‍ വീശുന്ന കാറ്റ് കാലക്രമേണ സൃഷ്ടിക്കുന്ന സുന്ദരദൃശ്യമാണ് സൗദി അറേബ്യയിലെ സാദിഖ് ഖഫാഗയെ ഒന്നാം സ്ഥാനക്കാരനാക്കിയത്.