അമേരിക്കയിലെ വാട്ടര്വില്ലെയിലെ ബെസ്റ്റ് വെസ്റ്റേണ്‍ സില്‍വര്‍ ഫോക്സ് ഇന്‍ റിസോര്‍ട്ടിലെത്തുന്ന അതിഥികള്‍ ഒരു നിമിഷമെങ്കിലും വിഷമങ്ങള്‍ മറന്ന് ചിരിക്കുമെന്നു തീര്‍ച്ചയാണ്. ഇതിനു കാരണക്കാരന്റെ പേര് ലോഗന് എന്നാണ്. മെയ്നെക്കൂണ് ഇനത്തില്‍പെട്ട ഒരു പൂച്ചയാണിവന്. ഇനി എങ്ങനെയാണിവന് അതിഥികളെ ചിരിപ്പിക്കുന്നതെന്നറിയാം. അതിനിവന് പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല. ഇവനെക്കാണുമ്പോഴേ ആളുകള്‍ ചിരിതുടങ്ങും. ഇവന്റെ പൊണ്ണത്തടിയാണ് ആളുകളില്‍ രസം പിടിപ്പിക്കുന്നത്. 15 കിലോയാണ് ഭാരം. ഇവനൊരു പൂച്ചയാണെന്നു തോന്നണമെങ്കില്‍ തന്നെ രണ്ടു പ്രാവശ്യം നോക്കണമെന്നാണ് അതിഥികളില്‍ ചിലര്‍ പറയുന്നത്.
ഇവനെ കിട്ടുമ്പോള്‍ സാധാരണഭാരം മാത്രമായിരുന്നുവെന്ന് വാട്ടല്വില്ലെവാലി റിസോര്ട്ടിന്റൈ ഉടമ സൂസന് ബുണ്വാന്ഡ് തമാശയായി പറയുന്നു. ആറുവര്‍ഷം മുമ്പാണ് മറ്റു മൂന്നു പൂച്ചകള്‍ക്കൊപ്പം ഒരു പൂച്ച സങ്കേതത്തില്‍ നിന്നും ദത്തെടുക്കുന്നത്. എന്നാല്‍ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്ഥമായി ലോഗന് ബലൂണ്‍പോലെ വീര്‍ക്കുകയായിരുന്നു. താന്‍ ലോഗന് കൂടുതല്‍ ഭക്ഷണം നല്‍കാറില്ലെന്നു പറഞ്ഞ ബുണ്വാന്ഡ് മറ്റു പൂച്ചകളുടെ ഭക്ഷണം ഇവന് കട്ടുകഴിക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും പറയുന്നു. ലോഗന്റെ ഭാരം കുറയ്ക്കാന്‍ പലപരിപാടികളും പയറ്റിയതാണുതാനും. ഇതിനായി സുഹൃത്തിന്റെ കൂടെ കറങ്ങാന്‍ വിടുകയും ഭക്ഷണം കുറയ്ക്കുകയുമൊക്കെ ചെയ്തിട്ടും നോ രക്ഷ. കറങ്ങാന്‍ പോയപ്പോള്‍ മറ്റൊരു പൂച്ചയുടെ കടികിട്ടിയതു മാത്രം മിച്ചം.
എങ്ങനെ ഇവനിത്ര ഭാരം വച്ചുവെന്നത് മൃഗ ഡോക്ടര്‍മാര്‍ക്കു പോലുമറിയില്ലയെന്നും ബുനാവാന്ഡ് പറയുന്നു. ഇവന്റെ ശാരീരിക പ്രത്യേകതയായിരിക്കണം ഇതെന്നാണ് താന്‍ വിചാരിക്കിക്കുന്നതെന്ന് 20 വര്‍ഷമായി ഈ ഹോട്ടല്‍ നടത്തുന്ന ബുനാവാന്ഡ് പറയുന്നു. എന്നിരുന്നാലും ലോഗന്റെ ഈ അസാധാരണ വലിപ്പം വരുന്ന അതിഥികള്‍ക്ക് ഒരു പ്രശ്നമാവാറില്ല. ഇവിടെ വരുന്ന അതിഥികളില്‍ ഏറിയപങ്കും ഇവനെ ഓമനിക്കാറുണ്ട്. താന്‍ എത്രമാത്രം ജനപ്രിയനാണെന്ന കാര്യം അവന് മനസിലായിക്കഴിഞ്ഞെന്നും ബുനാവാന്ഡ് പറയുന്നു. ലോഗനെക്കുറിച്ച് കേട്ടറിഞ്ഞ് റിസോര്‍ട്ട് സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണവും അനുദിനം വര്‍ധിക്കുകയാണ്. പൊണ്ണത്തടി കൊണ്ട് ഗുണവുമുണ്ടെന്നു മനസിലായല്ലോ…