കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പോലീസുകാർക്കു മാത്രം അലവൻസ് അനുവദിക്കുന്നില്ലെന്ന് പരാതി. പണം അനുവദിക്കണമെന്ന് സർക്കാർ ഉത്തരവുണ്ടായിട്ടും പോലീസുകാർക്ക് ഇതുവരെ പണം ലഭിച്ചിട്ടില്ല.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് ഡിപ്പാർട്ട്മെന്റിന് സർക്കാർ 13 കോടി രൂപ അനുവദിച്ചിരുന്നു. ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് ഭക്ഷണ അലവൻസായി പ്രതിദിനം 250 രൂപയാണ് അനുവദിക്കുന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എസ്ടി, എസ്എസ്ടി ചെക്ക്പോസ്റ്റ്, ഫ്ലൈയിംഗ് സ്ക്വാഡ്, ആന്റി ഡിഫൈസ്മെന്റ് സ്ക്വാഡ് എന്നീ സ്ക്വാഡുകളിലാണു പോലീസുകാർ ജോലി ചെയ്യുന്നത്.
എന്നാൽ, ഈ സ്ക്വാഡിൽ പ്രവർത്തിക്കുന്ന പോലീസുകാർ ഒഴികെയുള്ളവർക്ക് ഭക്ഷണ അലവൻസ് അനുവദിക്കണമെന്നാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. ഈ ഉത്തരവിനെതിരേ വ്യാപക പ്രതിഷേധമാണ്.
എന്നാൽ, പോലീസുകാർക്കുള്ള പണം പോലീസ് ഡിപ്പാർട്ട്മെന്റിന് കൈമാറിയിട്ടുണ്ടെന്നും അവരാണ് പോലീസുകാർക്ക് പണം അനുവദിക്കേണ്ടതെന്നുമാണ് വിശദീകരണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർക്ക് പ്രതിദിനം 600 രൂപയാണ് അനുവദിച്ചിരിക്കുന്നത്.