ബൂസ്റ്റും ഹോർലിക്സും ഉൾപ്പെടെയുള്ള ഉത്പന്നങ്ങളെ ആരോഗ്യ ഭക്ഷ്യപാനീയം എന്ന ഗണത്തിൽനിന്നു നീക്കി നിർമാതാക്കളായ ഹിന്ദുസ്ഥാൻ യൂണിലിവർ. ഫംഗ്ഷണൽ ന്യൂട്രീഷണൽ ഡ്രിങ്ക്സ് (എഫ്എൻഡി) എന്നാണ് ഇവയെ കന്പനി പുനർനാമകരണം ചെയ്തിരിക്കുന്നത്.
ബോണ്‍വിറ്റയെ ഉൾപ്പെടെ ആരോഗ്യകരമായ പാനീയം (ഹെൽത്ത് ഡ്രിങ്ക്സ്) എന്ന വിഭാഗത്തിൽനിന്നു നീക്കാൻ ഇ-കൊമേഴ്സ് വെബ്സൈറ്റുകൾക്കു കേന്ദ്രവാണിജ്യ-വ്യവസായ മന്ത്രാലയം അടുത്തിടെ നൽകിയ നിർദേശത്തിന്റെ ചുവടുപിടിച്ചാണു ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ നീക്കം. പുനർനാമകരണം ചെയ്തകാര്യം ഹിന്ദുസ്ഥാൻ യൂണിലിവർ സിഇഒ റിതേഷ് തിവാരി സ്ഥിരീകരിച്ചു.
അഗോള കുത്തകയായ കാഡ്ബറിയുടെ കീഴിലുള്ള മൊണ്ടെലെസ് ഇന്റർനാഷണൽ നിർമിക്കുന്ന ബോണ്‍വിറ്റയിൽ അളവിൽ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നും എഫ്എസ്എസ് നിയമം 2006 പ്രകാരം നിർവചിച്ചിട്ടുള്ള ആരോഗ്യ പാനീയങ്ങളില്ലെന്നും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം ആരോഗ്യകരമായ പാനീയത്തിന്റെ ഗണത്തിൽനിന്നു നീക്കാൻ ഉത്തരവിറക്കിയത്.
പാൽ, സെറിയൽ, മാൾട്ട് അടിസ്ഥാനമായ പാനീയങ്ങൾ എന്നിവയെ ഹെൽത്ത് ഡ്രിങ്ക്സ്, എനർജി ഡ്രിങ്ക്സ് എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുത്തി വിറ്റഴിക്കരുതെന്ന് ഈ മാസമാദ്യം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി (എഫ്എസ്എസ്എഐ) ഇ-കൊമേഴ്സ് വെബ്സൈറ്റുകൾക്ക് നിർദേശം നൽകിയിരുന്നു. ഇന്ത്യൻ ഭക്ഷ്യനിയമത്തിൽ ഹെൽത്ത് ഡ്രിങ്ക്സിനെ നിർവചിച്ചിട്ടില്ല എന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയത്.
നിയമങ്ങളനുസരിച്ച് ഹെൽത്ത് ഡ്രിങ്കുകൾ വെറും ഫ്ളേവർ ചെയ്ത ജലത്തെ അടിസ്ഥാനമാക്കിയുള്ള പാനീയങ്ങൾ മാത്രമാണ്. തെറ്റായ പദങ്ങൾ ഉപയോഗിക്കുന്നത് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുമെന്നും ആ പരസ്യങ്ങൾ നീക്കം ചെയ്യാനോ തിരുത്താനോ വെബ്സൈറ്റുകളോട് ആവശ്യപ്പെടുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.