സ്വർണത്തിന് ഇപ്പോൾ തൊട്ടാൽ പൊള്ളുന്ന വിലയാണ്. സ്വർണവില കുതിച്ചുയരുന്ന ഈ സമയത്ത് പണത്തിന് ആവശ്യം വരുമ്പോൾ സ്വർണാഭരണങ്ങൾ പണയം വയ്ക്കുന്നത് സ്വഭാവികമാണ്. എന്നാൽ ഈ സമയത്തും ആളുകൾ തട്ടിപ്പുമായി എത്തുന്നുണ്ട്.
ഇത്തരത്തിൽ മുക്കുപണ്ടങ്ങളുമായി കോഴിക്കോട് ബേപ്പൂര്‍ സഹകരണ ബാങ്കിന്റെ മാത്തോട്ടം ബ്രാഞ്ചിൽ എത്തിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബേപ്പൂര്‍ കല്ലിങ്ങല്‍ സ്വദേശി എം.വി. അബ്ദുല്‍ സലാമിനെയാണ് മാറാട് പോലീസ് അറസ്റ്റ് ചെയ്തത്.
ബാങ്കിൽ നിന്നും സ്വർണവായ്പ എടുക്കുന്നതിനായി 32 ഗ്രാം തൂക്കം വരുന്ന നാല് വളകളുമായാണ് ഇയാൾ ബാങ്കിലെത്തിയത്. തുടർന്ന് സ്വര്‍ണവളകളാണെന്ന് പറഞ്ഞ് വായ്പക്കായി ജീവനക്കാര്‍ക്ക് ഈ മുക്കുപണ്ടം നല്‍കുകയും ചെയ്തു.
എന്നാല്‍ സംശയം തോന്നിയ അപ്രൈസര്‍ വിശദമായി പരിശോധിച്ചപ്പോൾ വളകൾ മുക്കുപണ്ടമാണെന്ന് ഉറപ്പാക്കി. തുടര്‍ന്ന് ബാങ്ക് മാനേജരെ വിവരം അറിയിച്ചു. മാനേജറാണ് പോലീസിനെ വിളിച്ചത്. പിന്നാലെ മാറാട് പോലീസ് സംഭവ സ്ഥലത്തെത്തി സലാമിനെ അറസ്റ്റ് ചെയ്തു.