കൊച്ചി: മകളുടെ മോചനശ്രമത്തിനായി യെമനിലെത്തിയ നിമിഷപ്രിയയുടെ അമ്മ യെമനില്‍ തുടരുന്നു. യെമനില്‍ രണ്ടു ദിവസം വാരാന്ത്യ അവധിയാണ്. അതിനുശേഷമാകും ചര്‍ച്ചകള്‍ നടക്കുക. എംബസി ഏര്‍പ്പെടുത്തിയ അഭിഭാഷകന് ഇന്നലെ പ്രേമകുമാരിയെയും നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയും യെമനിലെ ബിസിനസുകാരനുമായ സാമുവേല്‍ ജെറോമിനെയും കണ്ട് ചര്‍ച്ചകള്‍ നടത്തി. നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികളുടെ ആദ്യപടിയായി യെമന്‍ ഗോത്രത്തലവന്മാരുമായി ചര്‍ച്ച നടത്തും.
സേവ് നിമിഷപ്രിയ ഫോറം അംഗങ്ങളുടെ ആഭിമുഖ്യത്തിലാവും ചര്‍ച്ച നടക്കുക. ഗോത്രത്തലവന്മാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക. യെമന്‍ പൗരന്റെ കുടുംബത്തെയും വരുംദിവസങ്ങളില്‍ പ്രേമകുമാരി സന്ദര്‍ശിക്കുന്നുണ്ട്. ഇവര്‍ മാപ്പ് നല്കിയാല് മാത്രമേ നിമിഷ പ്രിയയുടെ തിരിച്ചുവരവ് സാധ്യമാകൂ.
ശരിയത്ത് നിയമപ്രകാരമുള്ള ദയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുള്മഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷ പ്രിയയുടെ കുടുംബത്തിന്റെ പ്രതീക്ഷ. ഇതിനായുള്ള ചര്‍ച്ചക്കാണ് ഇപ്പോള്‍ പ്രേമകുമാരി യെമനിലെത്തിയിരിക്കുന്നത്.
12 വര്‍ഷത്തിനുശേഷം കഴിഞ്ഞ ദിവസം നിമിഷപ്രിയയെ അമ്മ സന സെന്‍ട്രല്‍ ജയിലില്‍ വച്ച് കണ്ടിരുന്നു. യെമന്‍ പൗരന് തലാല്‍ അബ്ദുള്മഹ്ദി 2017ല്‍ കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്.