ചെന്നൈ: സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കോയമ്പത്തൂർ സ്വദേശിയായ യുവതി ആത്മഹത്യ ചെയ്തതാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും സംഭവത്തില്‍ സംശയങ്ങളും ചോദ്യങ്ങളും അവശേഷിക്കുന്നുണ്ട്.
ജീവനക്കാർക്ക് മാത്രം പ്രവേശനമുള്ള വിശ്രമമുറിയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരുമ്പു കട്ടിലിന്റെ കൈപ്പിടിയിൽ ദുപ്പട്ട കെട്ടി കഴുത്തിൽ കുരുക്കിട്ട് നിലത്തിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കട്ടിലിന് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിലും കണ്ടെത്തിയിരുന്നു.
ഫോണോ, തിരിച്ചറിയൽ രേഖകളോ ഒന്നുംതന്നെ മൃതദേഹത്തിന് സമീപം ഉണ്ടായിരുന്നില്ല. മരിച്ചത് ഉത്തരേന്ത്യൻ യുവതിയാണെന്ന അഭ്യൂഹങ്ങൾ തുടക്കത്തിൽ പ്രചരിച്ചെങ്കിലും കോയമ്പത്തൂർ സ്വദേശിയായ 24കാരി രേഷ്മയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നു പിന്നീട് സ്ഥിരീകരിച്ചു.
പുലർച്ചെ 1.45ന് വെള്ളക്കുപ്പിയുമായി രേഷ്മ റെയിൽവേ സ്റ്റേഷനിലെ അതീവ സുരക്ഷിതമേഖലയിലേക്ക് നടക്കുന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്. വിവാഹിതയാണ് രേഷ്മ. ഒരു മാസം മുമ്പ് അമ്മ മരിച്ചതിന് ശേഷം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ഭർത്താവുമായി പ്രശ്നങ്ങളുമുണ്ടായിരുന്നു.