കൊച്ചി: കഥകളി കലാകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന് മരട് അനീഷിന്റെ കൂട്ടാളി പി.എച്ച്. ഹാരിസ് പോലീസ് കസ്റ്റഡിയില്‍. ദളിത് വിഭാഗത്തില്‍പ്പെട്ട കഥകളി കലാകാരിയുടെ പരാതിയില്‍ എസ്സി-എസ്ടി ആക്ട് പ്രകാരം ഹാരിസിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു.
കഥകളി കലാകാരിക്ക് ദുബായില്‍ പരിപാടി വാഗ്ദാനം ചെയ്ത ശേഷമായിരുന്നു ഹാരിസിന്റെ പീഡനം. ഹാരിസിന്റെ നിര്‍ദേശപ്രകാരം യുവതിയെ എറണാകുളം ഹൈക്കോടതിക്ക് സമീപത്തേക്ക് വിളിച്ചുവരുത്തി. ദുബായില്‍ പരിപാടി അവതരിപ്പിക്കാന്‍ സഹായിക്കുന്നതിന് പകരമായി ബംഗളൂരുവില്‍ പോയി ഹാരിസിന്റെ സംഘാംഗങ്ങള്‍ കൊടുത്തു വിടുന്ന ലഹരിമരുന്ന് കൊച്ചിയില്‍ എത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്.
എന്നാല്‍ യുവതി ഇത് നിരസിച്ചതോടെ കാറില്‍ പൂട്ടിയിട്ട് ഹാരിസിന്റെ കൂട്ടാളികളായ രണ്ടുപേര്‍ ദേഹോപദ്രവം ഏല്പിച്ചെന്നും ഹാരിസ് യുവതിയെ കടന്നുപിടിക്കുകയും ലൈംഗിക ചുവയോടെ അധിക്ഷേപിക്കുകയുമായിരുന്നുവെന്നാണ് പരാതിയിലുള്ളത്. കൊച്ചിയിലെ സ്ഥിരം കുറ്റവാളിയാണ് നെട്ടൂര്‍ സ്വദേശിയായ ഹാരിസ്.
ഇയാളടക്കം മൂന്നു പേര്‍ക്കെതിരെയാണ് കേസ്. കൂട്ടാളികളായ രണ്ടുപേരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. പരാതിയെ കുറിച്ച് വിശദമായി അന്വേഷിച്ചുവരുകയാണെന്ന് എറണാകുളം സെന്‍ട്രല്‍ എസിപി വി.കെ. രാജു പറഞ്ഞു.