ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. 2017ലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആരാധകരെ കിടിലം കൊള്ളിക്കാനുള്ള ചേരുവയെല്ലാം ചിത്രത്തിലുണ്ടെന്നാണ് സംവിധായകന്‍ എസ്. എസ് രാജമൗലി പറയുന്നതും.
എന്നാല്‍ ചിത്രത്തിലെ വില്ലന്‍ ഭല്‍വല ദേവനായി അഭിനയിക്കുന്ന റാണാ ദഗുബതി പടമിറങ്ങും മുമ്പേ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ചിത്രത്തില്‍ ശരീരഭാരം കൂട്ടിയും കുറച്ചും റാണ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് ഭീമാകാരനായ റാണയുടെ ചിത്രങ്ങളാണ്. ആര്‍നോള്‍ഡ് ഷ്വാസ്‌നെഗറിനെ അനുസ്മരിപ്പിക്കുന്ന ശരീരത്തിനായി ഭാരം 110 കിലോയാക്കി കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ് റാണ. ചിത്രത്തില്‍ തന്റെ ചെറുപ്പകാലം അഭിനയിക്കുന്നതിനായി തന്റെ ശരീരഭാരം ഇനി കുറയ്ക്കുകയും ചെയ്യുന്നുണ്ട്. ട്വിറ്ററിലാണ് റാണയുടെ പുതിയ രൂപം പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ അഞ്ചു മാസമായി ദിവസവും രണ്ടര മണിക്കൂര്‍ നേരമാണ് റാണ പരിശീലനത്തിനായി ചെലവഴിപ്പിക്കുന്നത്. കുനാല്‍ എന്നയാളാണ് റാണയുടെ ട്രെയിനര്‍. പോഷകാഹാര വിദഗ്ധന്റെ നിര്‍ദേശമനുസരിച്ച് രണ്ടരമണിക്കൂര്‍ ഇടവിട്ട് ഭക്ഷണം കഴിക്കുന്നുണ്ടെന്നും റാണ പറയുന്നു. പിന്നെ ആരോഗ്യമുറപ്പാക്കാന്‍ പതിവായി ഡോക്ടറുടെ വക ചെക്കപ്പും. ബാഹുബലി: ദി കണ്‍ക്ലൂഷന്‍ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. മാദം തുസാദ്‌സ് മ്യൂസിയത്തില്‍ പ്രഭാസിന്റെ ബാഹുബലി വേഷത്തിലുള്ള പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് റാണയുടെ ചിത്രങ്ങളും പുറത്തുവരുന്നത്.