ബുവാനസ് ആരിസ്: അഴകളവുകളുടെ പൊതുധാരണകൾ തിരുത്തി ചരിത്രംകുറിച്ച് അർജന്റീനക്കാരി അമ്മൂമ്മ. അറുപതാം വയസിൽ ബുവാനസ് ആരിസിലെ മിസ് യൂണിവേഴ്സ് കിരീടം ചൂടിയാണ് ഈ അർജന്റീനക്കാരി ചരിത്രവനിതയായി മാറിയിരിക്കുന്നത്.
അലക്സാൻഡ്ര മരിസ റോഡ്രിഗസാണ് സൗന്ദര്യലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. സൗന്ദര്യമത്സരങ്ങളുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു അറുപതുകാരി കിരീടം ചൂടുന്നത്. കഴിഞ്ഞ ബുധനാഴ്ച നടന്ന മത്സരത്തിൽ 18 മുതൽ 73 വരെ പ്രായക്കാരായ 34 പേരെ നേരിട്ടാണ് അലക്സാൻഡ്ര ജേതാവായത്.
ബുവാനസ് ആരിസിലെ ലാ പ്ലാറ്റയിലാണ് വിശ്വസുന്ദരിയുടെ ജനനം. അഭിഭാഷകയും മാധ്യമപ്രവര്‍ത്തകയും കൂടിയാണ് ഇവർ. മേയില്‍ നടക്കുന്ന മിസ് യൂണിവേഴ്സ് അര്‍ജന്റീന മത്സരത്തില്‍ ബുവാനസ് ആരിസിനെ പ്രതിനിധീകരിക്കുന്നത് അലക്സാൻഡ്രയാകും.
അതില്‍ വിജയിച്ചാല്‍ മെക്സിക്കോയില്‍ സെപ്റ്റംബര്‍ 28-ന് നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഈ അറുപതുകാരിയാവും അര്‍ജന്റീനയുടെ സുന്ദരി. നേരത്തേ സൗന്ദര്യമത്സരം 18നും 28നും ഇടയില്‍ പ്രായമുള്ളവരുടേതായിരുന്നു. എന്നാല്‍ 2023-ല്‍ നിയമം മാറ്റി. 18 വയസ് മുതല്‍ ഏത് വയസിലുള്ളവർക്കും മത്സരിക്കാമെന്നായി.