ഏറ്റുമാനൂർ: നിയന്ത്രണംവിട്ട കാർ കൈത്തോട്ടിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. ഏറ്റുമാനൂർ പട്ടിത്താനം – മണർകാട് ബൈപാസ് റോഡിൽ ഏറ്റുമാനൂർ തവളക്കുഴിക്ക് സമീപം ഞായറാഴ്ച പുലർച്ചെ 1.30ന് ഉണ്ടായ അപകടത്തിൽ പത്തനംതിട്ട കൊറ്റനാട് കുറിച്ചി പതാലില്‍ തങ്കമ്മ (59) ആണ് മരിച്ചത്. കാറില്‍ ഒപ്പമുണ്ടായ അഞ്ചുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തങ്കമ്മയുടെ മകൾ പ്രിൻസിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച് മടങ്ങുമ്പോഴാണ് അപകടം. പ്രിൻസിയുടെ ഭർത്താവ് ഷിജോയാണ് കാർ ഓടിച്ചിരുന്നത്. എതിരേ വന്ന വാഹനം ലൈറ്റ് ഡിം ചെയ്യാതിരുന്നതോടെ കാറിന്റെ നിയന്ത്രണം വിടുകയായിരുന്നെന്ന് ഷിജോ പറഞ്ഞു.
ഷിജോയുടെ ഭാര്യാ സഹോദരി ലിൻസിയും മാതാവ് ഷീലയും ഭാര്യയുടെ മാതാവ് തങ്കമ്മയും രണ്ട് കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്. ഷീലയുടെ നില ഗുരുതരമാണ്. ഷിജോയുടെ കൈക്ക് ഒടിവും നെഞ്ചിന് പരിക്കുമുണ്ട്. ലിൻസിയും കുട്ടികളും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാര്‍ നിയന്ത്രണം വിട്ട് ബൈപാസിന്റെ കൈവരികള്‍ തകര്‍ത്ത് കൈത്തോട്ടിലേക്ക് മറിയുകയായിരുന്നു.
ശബ്ദം കേട്ടുണര്‍ന്ന പരിസരവാസികളും അപകട സമയം അതുവഴി കടന്നുപോയ വാഹനത്തിലുണ്ടായിരുന്ന യുവാക്കളും ചേര്‍ന്നാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് കോട്ടയത്തുനിന്നും ഫയര്‍ ഫോഴ്സും ഏറ്റുമാനൂര്‍ പോലീസും സ്ഥലത്തെത്തി.