തൃശൂർ: സായാഹ്നത്തില്‍ സിനിമാതാരങ്ങളെ അണിയിച്ചൊരുക്കുന്നയാള് നേരംപുലരുമ്പോള്‍ തെരുവില്‍ ലോട്ടറി വില്ക്കാന് നില്ക്കുന്ന കാഴ്ച അവിശ്വസനീയമാവും.
ഇത്തരം കാഴ്ചകള്‍ക്കു പൊതുവില്‍ കാണുന്ന അടിക്കുറിപ്പു തന്നെയാണ് ഈ കഥയ്ക്കും യോജ്യം- ജീവിത പ്രാരാബ്ധം. ഇരിങ്ങാലക്കുട എടക്കുളം സ്വദേശി സുരേഷ് ലാസ്യ എന്ന നര്ത്തകന്റ ജീവിതമാണിത്. അരങ്ങിൽ ഭാവംകൊണ്ട് ആസ്വാദകരെ ആകർഷിക്കുന്ന സുരേഷ് ജീവിക്കാനായി തെരുവിൽ ലോട്ടറി കാണിച്ച് ആൾക്കാരെ വിളിക്കുന്നു.
കൂലിപ്പണിക്കാരായ എടക്കുളം കൈപ്പറ വീട്ടില്‍ വേലായുധന്റെയും കാർത്യായനിയുടെയും മകന് ഓർമവച്ച കാലംമുതല്‍ നൃത്തത്തോടാണ് ഇഷ്ടം. അതും ശാസ്ത്രീയ നൃത്തത്തോട്. സ്കൂളില്‍ കൂട്ടുകാര്‍ക്കൊപ്പം നൃത്തം അവതരിപ്പിച്ചിരുന്നു. അത് ഇഷ്ടപ്പെട്ടിരുന്ന അധ്യാപകര്‍ ഒഴിവുസമയങ്ങളില്‍ വിളിപ്പിച്ചു നൃത്തം ചെയ്യിപ്പിക്കും. സുരേഷിനു ലഭിച്ച ആദ്യ പ്രോത്സാഹനം.
തുടര്‍ന്ന് കലോത്സവങ്ങളിലേക്ക്. ദാരിദ്ര്യംമൂലം മേക്കപ്പ് ഒക്കെ സ്വയമാണ് പതിവ്. വീടിനടുത്തുള്ള വെങ്കിടേശ്വരന് എന്നയാൾ സംവിധാനം ചെയ്തവതരിപ്പിക്കുന്ന ബാലെകളില്‍ ചെറിയ ചെറിയ വേഷം ചെയ്തുതുടങ്ങി. ഇതിനിടയില്‍ കൂട്ടുകാരന് ഭരതനാട്യം പഠിക്കുന്നതറിഞ്ഞു. അവനൊപ്പം ഇരിങ്ങാലക്കുട പടിയൂരില്‍ സുരേഷ് എന്ന മാഷിന്റെ കീഴില്‍ പഠനം ആരംഭിച്ചു. വലിയ ചെലവുള്ള അരങ്ങേറ്റം ഒരുവിധത്തില്‍ കഴിഞ്ഞതോടെ ആവേശംകൂടിയെങ്കിലും സാമ്പത്തികഞെരുക്കത്തില്‍ പഠനം നിർത്തേണ്ടിവന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ പ്രണവം കൃഷ്ണകുമാര്‍ എന്ന നൃത്താധ്യാപകന് വീടിനടുത്തു പഠിപ്പിക്കാനെത്തി. അതുവഴി പോകുമ്പോള്‍ കേള്‍ക്കുന്ന ചിലങ്കയുടെ ശബ്ദവും പാട്ടും കൊട്ടും മനസിനെ ഉലച്ചുതുടങ്ങി. അവിടെ പോയി നൃത്തപഠനം നോക്കിനില്ക്കുക പതിവായി. കുറച്ചുകഴിഞ്ഞപ്പോള്‍, ആഗ്രഹം മനസിലാക്കി ക്ലാസില്‍ വന്നുകൊള്ളാന്‍ മാഷ് അനുവാദം നൽകി. ആ പഠനം വര്‍ഷങ്ങള്‍ നീണ്ടു. ഇതോടൊപ്പം പരിപാടികളും അവതരിപ്പിച്ചുതുടങ്ങി.
പിന്നീട് ചെങ്ങമനാട് വാസുദേവന്‍ നമ്പൂതിരി, തൃശൂര്‍ ജനാര്ദനന്, വാചസ്പതി കൃഷ്ണകുമാര്‍, ആര്‍എല്‍വി ആനന്ദ് തുടങ്ങിയ അധ്യാപകരില്‍നിന്ന് ഭാരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു. കോളജ് പഠനത്തിനൊപ്പം കുട്ടികളെ നൃത്തം പഠിപ്പിക്കാനും ആരംഭിച്ചു. പിന്നീട് പ്രശസ്ത നര്ത്തകന് പദ്മഭൂഷണ്‍ ധനഞ്ജയന്റെ കീഴിലുള്ള ഭരത കലാഞ്ജലിയെ സമീപിച്ചു. അവിടെ ഗുരുകുലവിദ്യാഭ്യാസരീതിയായതിനാല് വല്ലപ്പോഴുമേ വീട്ടിലെത്താന്‍ സാധിക്കുകയുള്ളൂ എന്നറിഞ്ഞു.
തുച്ഛമായതെങ്കിലും, ക്ലാസ് എടുക്കുന്നതിലൂടെ കിട്ടുന്ന വരുമാനം നിലയ്ക്കുമെന്നോര്ത്തപ്പോള് ആ മോഹവും ഉപേക്ഷിച്ചു. ധനഞ്ജയന്റെ അഭിപ്രായപ്രകാരം കണ്ണൂരിലുള്ള ലാസ്യ കോളജില്‍ ചേര്‍ന്നു. രണ്ടുവര്‍ഷ പഠനം പൂർത്തിയാക്കി ഡിപ്ലോമ നേടി.
ലോട്ടറി വില്പനയിലൂടെ ദിവസം മുന്നൂറു രൂപയോളം കിട്ടും. എന്നാൽ പരമാവധി വേദികളിൽ നൃത്തം അവതരിപ്പിക്കുക എന്നതുമാത്രമാണ് ആഗ്രഹം. മേക്കപ്പുകാരനുള്ള പ്രതിഫലം മാത്രം നൽകിയാൽ, തനിക്ക് ഒന്നും തന്നില്ലെങ്കിൽകൂടി നൃത്തം അവതരിപ്പിക്കാൻ തയാറാണെന്നും സുരേഷ് പറഞ്ഞു.
സി. വിനോദ് കൃഷ്ണൻ