സിൽഹത്: ഇന്ത്യയുടെ വനിതാ ട്വന്റി 20 ടീമിൽ അരങ്ങേറ്റം കുറിച്ച മലയാളി താരം സജന സജീവൻ. ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി 20യിലൂടെയാണ് സജന ദേശീയ ടീമിനൊപ്പം അരങ്ങേറിയത്. മത്സരത്തിൽ ഇന്ത്യ 44 റണ്‍സിന് ജയിച്ചു. 146 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 101 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 145 റണ്‍സ് നേടിയത്. മധ്യനിരയിൽ ബാറ്റ് ചെയ്ത സജന സജീവൻ 11 പന്തിൽ 11 റണ്‍സെടുത്തു പുറത്തായി.
ബംഗ്ലദേശ് ക്യാപ്റ്റൻ നിഗർ സുൽത്താന ജോതി 48 പന്തിൽ 51 റണ്‍സെടുത്തെങ്കിലും മറ്റു ബാറ്റർമാരിൽനിന്നു മികച്ച പിന്തുണ ലഭിച്ചില്ല. ഇന്ത്യക്കായി രേണുക സിംഗ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി കളിയിലെ താരമായി. പൂജ വസ്ത്രകർ രണ്ടു വിക്കറ്റുകളും നേടി.
29 പന്തിൽ 36 റണ്‍സെടുത്ത യാസ്തിക ഭാട്യയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഷെഫാലി വർമ (22 പന്തിൽ 31), ഹർമൻപ്രീത് കൗർ (22 പന്തിൽ 30), റിച്ച ഘോഷ് (17 പന്തിൽ 23) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി.
രണ്ടു ബൗണ്ടറികൾ നേടിയ സജന റബേയ ഖാന്റെ പന്തിൽ ഫരിഹ ത്രിസ്ന ക്യാച്ചെടുത്തു പുറത്താകുകയായിരുന്നു. ടീമിലെ മറ്റൊരു മലയാളി താരമായ ആശ ശോഭനയ്ക്ക് പ്ലേയിംഗ് ഇലവണിൽ ഇടം ലഭിച്ചില്ല. വയനാട് സ്വദേശിയായ സജനയ്ക്ക് വനിതാ പ്രീമിയർ ലീഗിലെ പ്രകടനമാണ് ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്.