കോട്ടയം: നൃത്തത്തിന്റെ ചടുലതയും പാട്ടിന്റെ താളവും ഒത്തുചേരുന്ന നൃത്തവ്യായാമത്തിലൂടെ ആരോഗ്യം വീണ്ടെടുക്കാൻ ചുവടുകൾ പഠിപ്പിക്കുകയാണു അഞ്ജു വി. തോമസ്. കോട്ടയം ഗാന്ധിനഗർ സ്വദേശിയായ അഞ്ജു മെഡിക്കൽ കോളജ് ആശുപത്രിയിൽ ഫാർമസിസ്റ്റ് കൂടിയാണ്.
നൃത്തം സമന്വയിപ്പിച്ചു വ്യായാമം ചെയ്യാൻ കഴിയുന്ന സൂംബ നാട്ടിൽ സജീവമായതോടെയാണ് അഞ്ജുവും സൂംബ രംഗത്തേക്കു കടന്നുവരുന്നത്.ജില്ലയിലെ വിവിധ സൂംബ സെന്ററുകളിൽ ഏഴു വർഷമായി പരിശീലനം നേടിയതിനുശേഷം അന്തരാഷ്ട്ര സൂംബ ലൈസൻസ് സ്വന്തമാക്കിയ അഞ്ജു രണ്ടുവർഷമായി പരിശീലന രംഗത്ത് സജീവമാണ്.
സൂംബ വിത്ത് സിൻ അഞ്ജു എന്ന പേരിൽ സ്വന്തമായി ഫിറ്റ്നസ് സെന്റർ നടത്തുന്നതോടൊപ്പം മെഡിക്കൽ കോളജിലെ ജീവനക്കാർക്കും ക്ലാസെടുക്കുന്നുണ്ട്.ജീവിതശൈലീ രോഗങ്ങൾ, കടുത്ത മാനസിക സംഘർഷം തുടങ്ങിയവ കുറയ്ക്കുന്നതിനു സൂംബ ഏറെ സഹായകമായതിനാലാണ് അഞ്ജു ഫാർമസിസ്റ്റ് ജോലിയോടൊപ്പം സൂംബ പരിശീലക വേഷമണിയുന്നത്.
ആരോഗ്യസംരക്ഷണത്തിനായി വിവിധ തരത്തിലുള്ള വ്യായാമ രീതികൾ ഉണ്ടെങ്കിലും ജനപ്രിയമായിത്തീർന്ന സൂംബ നൃത്തത്തിലേക്ക് നിരവധി ആളുകൾ കടന്നു വരുന്നുണ്ട്, ഡോക്ടർമാരാണു കൂടുതലും എത്തുന്നത്. ജോലിത്തിരക്കിനിടയില്‍ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാന്‍ സമയം ഇല്ലാത്തതിനാലാണ് ആരോഗ്യരംഗത്തുള്ളവർ കൂടുതൽ സൂംബ തെരഞ്ഞെടുക്കാൻ കാരണം.
റിട്ട. എസ്ഐ തോമസ് വി. പോളിന്റെയും റിട്ട. അധ്യാപിക മേരിക്കുട്ടിയുടെയും മകളാണ് അഞ്ജു.അന്താരാഷ്ട്ര നൃത്തദിനം1982-ൽ ഐടിഐയുടെ ഡാൻസ് കമ്മിറ്റിയാണ് ആധുനിക ബാലെയുടെ സ്രഷ്ടാവായ ജീൻ ജോർജ് നോവെറെയുടെ (1727-1810) ജന്മദിനമായ ഏപ്രിൽ 29നു അന്താരാഷ്ട്ര നൃത്തദിനമായി ആചരിച്ചത്.
നൃത്തം ആഘോഷിക്കുക, രാഷ്ട്രീയവും സാംസ്കാരികവും വംശീയവുമായ എല്ലാ തടസങ്ങളെയും മറികടന്ന് പൊതുഭാഷയായ നൃത്തത്തിലൂടെ ആളുകളെ ഒന്നിപ്പിക്കുക എന്നതാണ് അന്താരാഷ്ട്ര നൃത്തദിന സന്ദേശത്തിന്റെ ലക്ഷ്യം.
സൂംബ ഡാൻസ്
സൂംബ ഡാൻസ് ഫിറ്റ്നസ് പ്രോഗ്രാമാണ്. ലാറ്റിൻ അമേരിക്കയിൽനിന്നാണു സൂംബയുടെ വരവ്. സാൽസ, കൂബിയ, റെഗന്റൻ, മെറിഗേ എന്നിങ്ങനെ നാലു നൃത്ത ഇനങ്ങൾ സമന്വയിപ്പിച്ചാണു പ്രധാനമായും സൂംബ രൂപപ്പെടുത്തിയിരിക്കുന്നത്. മറ്റു നൃത്തരൂപങ്ങളും പിന്നീട് ഇടകലർത്തിയിട്ടുണ്ട്. ലളിതമായ സംഗീതവും ചുവടുകളുമാണു സൂംബയുടേത്. സൂംബയ്ക്ക് അന്തരാഷ്ട്ര അംഗീകാരമുള്ള ലൈസന്‍സ്ഡ് സംഗീതമുണ്ട്.