തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ വോട്ടെടുപ്പ് ദിനത്തിൽ സ്ഥിരീകരിച്ചത് പാർട്ടിക്കുള്ളിൽ നീറി പുകയുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തുടങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ടയെങ്കിലും ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട വിവാദം ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയാകുമെന്നുറപ്പാണ്.
യോഗത്തിൽ പങ്കെടുക്കാൻ ജയരാജൻ ഇന്നു രാവിലെ തിരുവനന്തപുരത്ത് എത്തി. തനിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രിത പദ്ധതിയുടെ ഭാഗമാണെന്നും മാധ്യമങ്ങള്‍ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണമെന്നും ഇ.പി. ജയരാജന് പറഞ്ഞു.
തിരുവനന്തപുരത്തെത്തിയ ജയരാജൻ താൻ ശോഭാ സുരേന്ദ്രനെ കണ്ടില്ലെന്ന് ആവർത്തിച്ചു. ശോഭാ സുരേന്ദ്രനെ ഇതുവരെ നേരിട്ട് കണ്ട് സംസാരിച്ചിട്ടില്ല. എന്നെപ്പോലൊരാള്‍ എന്തിനാണ് ശോഭാ സുരേന്ദ്രനോട് സംസാരിക്കുന്നത്. ഉമ്മന്‍ചാണ്ടി മരണപ്പെട്ട സമയത്താണ് അടുത്തുകണ്ടത്. ശോഭാ സുരേന്ദ്രനെ എനിക്ക് പണ്ടേ ഇഷ്ടമല്ല. അവരുടെ പ്രസംഗം വളരെ മോശമാണ്. അവരെ കാണുകയോ സംസാരിക്കുയോ ചെയ്തിട്ടില്ല. ഫോണില്‍ പോലും സംസാരിച്ചിട്ടില്ല.
ആസൂത്രിത പദ്ധതിയുടെ ഭാഗമായിട്ടാണ് നിലവിലെ ആരോപണങ്ങള്‍. കേരളത്തില്‍ എന്റെ പൊസിഷന്‍ നോക്കൂ. ഞാന്‍ ബിജെപിയില്‍ ചേരാനോ, അല്‍പ്പം ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ? കേരളത്തിലെ പ്രധാനപ്പെട്ട പൊതുപ്രവര്ത്തകന് അല്ലേ ഞാൻ. അയ്യയ്യയ്യേ, ഞാന്‍ ബിജെപിയില്‍ ചേരുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ- ഇ.പി. ജയരാജൻ പറഞ്ഞു.
ശോഭാ സുരേന്ദ്രന് പറയുന്നതില്‍ അന്വേഷണം നടത്താന്‍ മാധ്യമങ്ങള്‍ തന്റേടം കാണിക്കണമെന്നും നിയമനടപടി സ്വീകരിക്കുന്നത് ആലോചിക്കുമെന്നും ഇപി പറഞ്ഞു.
സിപിഎം സെക്രട്ടേറിയറ്റില്‍ ലോകത്തിലെ എല്ലാകാര്യങ്ങളും ചര്‍ച്ച ചെയ്യാറുണ്ട്. പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച്ചയും ചര്‍ച്ച ചെയ്യുമായിരിക്കും. ഒരു മുന്‍ മന്ത്രി കാണാന്‍ വന്നു. അതേ സംഭവിച്ചിട്ടുള്ളൂ. തന്നെ പലരും വന്നു കാണാറുണ്ട്. അതൊക്കെ പാര്‍ട്ടിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ടോ. എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചുചെയ്യുന്നയാളാണ് താന്‍. ദല്ലാളുമായി അമിത സൗഹൃദം ഇല്ലെന്നും ഇ.പി. ജയരാജന് പ്രതികരിച്ചു.
അതേസമയം, മുഖ്യമന്ത്രിയുടെ പരസ്യമായ തള്ളിപ്പറയലിനുമപ്പുറം ജയരാജനെതിരേ നടപടി വേണമെന്ന അഭിപ്രായം പാർട്ടിയില്‍ ശക്തമാണെന്നാ ണു സൂചന. ഇനിയും വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തുവരുമോ എന്ന ആശങ്കയും സിപിഎമ്മിനുണ്ട്. ഇ.പി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് തുടരുന്നതിൽ സിപിഐക്കും കടുത്ത അതൃപ്തി ഉണ്ട്. ഇ.പി.ജയരാജന് ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തല്‍ തെരഞ്ഞെടുപ്പ് ദിവസം സിപിഎമ്മിനെ വന്‍ പ്രതിരോധത്തിലാക്കിയിരുന്നു.