തലശേരി: പാനൂർ വളള്യായിയിലെ വിഷ്ണുപ്രിയ കൊലക്കേസിൽ വിചാരണയുടെ അടിസ്ഥാനത്തിലുള്ള പ്രോസിക്യൂഷൻ വാദം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി. മൃദുല മുമ്പാകെ പൂർത്തിയായി. പ്രതിഭാഗം വാദം നാളെ നടക്കും.
കൂത്തുപറമ്പ് മാനന്തേരി സ്വദേശി എ. ശ്യാംജിത്താണ് കേസിലെ പ്രതി. കൊല്ലപ്പെട്ട വിഷ്ണു പ്രിയയുടെ ദേഹത്ത് 29 മുറിവുകളാണ് ഉണ്ടായിരുന്നതെന്നും ഇതിൽ പത്ത് മുറിവുകളും വിഷ്ണു പ്രിയയുടെ മരണത്തിന് ശേഷം ഉണ്ടായതാണെന്നും ഇത് പ്രതിയുടെ ക്രൂരമായ പ്രതികാര മനോഭാവമാണ് കാണിക്കുന്നതെന്നും പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് വാദത്തിൽ പറഞ്ഞു.
കഴുത്തിൽ മാത്രം അഞ്ച് മുറിവുകളാണ് ഉള്ളത്. കഴുത്ത് മുറിഞ്ഞ് തൂങ്ങിയിരുന്നു. രണ്ട് മുതൽ 10 മിനിറ്റ് വരേയുള്ള സമയത്തിനുള്ളിൽ മരണം സംഭവിച്ചു. നിലവിളിക്കാൻ പോലും സാധിക്കാതെയാണ് വിഷ്ണു പ്രിയ കൊല്ലപ്പെട്ടത്. ആദ്യം ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി. പിന്നെ ഓടി രക്ഷപ്പെടാതിരിക്കാൻ കൈകാലുകളുടെ ഞരമ്പുകൾ മുറിച്ചു. പ്രതിയുടെ വീട്ടിൽ നിന്നും തൊട്ടടുത്ത വയലിൽ നിന്നുമായി ചുറ്റിക, ഇരുതല മൂർച്ചയുള്ള കത്തി, കുത്തുളി, മുളക് പൊടി, മനുഷ്യന്റെ മുടി, ഇടിക്കട്ട, ചെത്ത് കല്ല്, കത്തി, പവർ ബാങ്ക്, പതിനൊന്ന് സെറ്റ് ഗ്ലൗസ് തുടങ്ങിയ വസ്തുക്കളാണ് തൊണ്ടി മുതലുകളായി കണ്ടെടുത്തിരുന്നത്.
കൊല്ലപ്പെടുന്നതിനു മുമ്പ് വിഷ്ണുപ്രിയയുടെ അടുത്തേക്ക് പ്രതി ശ്യാംജിത്ത് വരുന്നതിന്റെ വിഷ്ണുപ്രിയ തന്നെ പകർത്തിയ13 സെക്കൻഡ് ഫ്രണ്ട് കാമറ ഉപയോഗിച്ച് പകർത്തിയ വീഡിയോ ദൃശ്യം കേസിൽ നിർണായക തെളിവാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
കൊലപാതകം നടക്കുന്നതിന് തൊട്ടു മുൻപ് 11.36 ന് ആരോ വരുന്നുണ്ടെന്നാണ് വിഷ്ണുപ്രിയ മൊബൈൽ ഫോണിൽ ലൈനിൽ ഉണ്ടായിരുന്ന സുഹൃത്ത് വിപിൻ രാജിനോട് പറഞ്ഞത്. 11.47 ന് ശ്യാമേട്ടൻ വരുന്നു എന്ന് പറഞ്ഞ് ഫ്രണ്ട് കാമറ വിഷ്ണുപ്രിയ ഓൺ ചെയ്തു.
തുടർന്നുള്ള പതിമൂന്ന് സെക്കൻഡാണ് നിർണായക തെളിവായി പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചത്.
സംഭവദിവസം രാവിലെ 11.38 ന് പ്രതിയുടെ ചിത്രം പാനൂർ സബ് ട്രഷറിക്ക് സമീപമുള്ള സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കൊലപാതകം നടത്തിയ ശേഷം 12 മണിക്ക് സ്ഥലത്ത് നിന്നു 300 മീറ്റർ അകലെ കേളോത്ത്മുക്കിലൂടെ പഴയ മോഡൽ അപ്പാച്ചി ബൈക്കിൽ പ്രതി അമിത വേഗതയിൽ പോയതായി ദൃക്സാക്ഷി മൊഴികളും പ്രോസിക്യൂഷൻ വിവരിച്ചു. 2022 ഒക്ടോബർ 22 നാണ് വിഷ്ണുപ്രിയ കൊല്ലപ്പെട്ടത്.