മാവേലിക്കര:ചപ്പാത്തി കേരളത്തിലെത്തിയതിന്റെ നൂറാം വാർഷികം മാവേലിക്കര കഥ സാഹിത്യ സംഘടനയുടെ നേതൃത്വത്തിൽ രാജ രവിവർമ കോളജിൽ ആഘോഷിച്ചു. എം.എസ്. അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
8 കേരള ബറ്റാലിയൻ കമ്പനി ഹവിൽദാർ മേജർ, പഞ്ചാബിലെ ലുധിയാന സ്വദേശിയായ രാജ് വീന്ദർസിങ് മുഖ്യാതിഥിയായി. ചരിത്രകാരൻ ജോർജ് തഴക്കര മുഖ്യപ്രഭാഷണം നടത്തി.
നോവലിസ്റ്റ് കെ.കെ. സുധാകരൻ അധ്യക്ഷനായി. ചിത്രകാരൻ പ്രസാദ് ദൊരെസ്വാമി വരച്ച കേരളത്തിൽ ചപ്പാത്തി എത്തിയതിന്റെ നൂറാം വാർഷികത്തിന്റെ ചരിത്ര പശ്ചാത്തലം പ്രകാശനം ചെയ്തു.റെജി പാറപ്പുറം, ഹവിൽദാർ നിലേഷ് റിൻഡേ, ഉഷാകുമാരി, സരോജിനി ഉണ്ണിത്താൻ എന്നിവർ പങ്കെടുത്തു. അഡ്വ. ദേവി പ്രസാദ് സ്വാഗതം പറഞ്ഞു. ഇന്നാണ് വാർഷികദിനം.
വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായാണ് കേരളം ആദ്യമായി ചപ്പാത്തിയുടെ രുചി അറിയുന്നത്. അന്ന് പട്യാല സംസ്ഥാന മന്ത്രിയും മലയാളിയുമായ സർദാർ കെ. എം. പണിക്കർ വഴി പട്യാല രാജാവും സിഖുകാരും സത്യഗ്രഹത്തെക്കുറിച്ചറിഞ്ഞു. സത്യഗ്രഹത്തിന് പഞ്ചാബ് പ്രബന്ധ ശിരോമണി കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. സമരക്കാർക്ക് ഭക്ഷണം ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പണിക്കർ രാജാവിനെ ധരിപ്പിച്ചു.
രാജാവ് മൂന്നു കണ്ടെയ്നർ ഗോതമ്പ് കറാച്ചി തുറമുഖത്തു നിന്ന് കപ്പൽമാർഗം കൊച്ചിക്കയച്ചു. കൃപാൽ സിങ്, ലാലാ ലാൽസിങ് എന്നിവരുടെ നേതൃത്വത്തിൽ പന്ത്രണ്ടു പേരടങ്ങുന്ന സംഘവും തുടർന്ന് അറുപതു പേരടങ്ങുന്ന മറ്റൊരു സംഘവും കേരളത്തിലെത്തി. കൊച്ചിയിൽ സൂക്ഷിച്ച ഗോതമ്പ് പിന്നീട് ഉണക്കി പ്പൊടിച്ച് ചാക്കുകളിലാക്കി വൈക്കത്തെത്തിച്ചു.
അകാലി സിഖുകാർ വൈക്കത്ത് ആരംഭിച്ച ഭക്ഷണശാലയിൽ 1924 ഏപ്രിൽ 29 ന് കേരളത്തിലെ ആദ്യത്തെ ചപ്പാത്തി ചുട്ടിറങ്ങി. ജൂൺ 25 വരെ 58 ദിവസം തുടർച്ചയായി സത്യഗ്രഹികൾക്ക് സൗജന്യമായി ചപ്പാത്തിയും ഡാലും പാകം ചെയ്തു കൊടുത്തു. പുലർച്ചെ മുതൽ രാത്രി 8 വരെയായിരുന്നു ഭക്ഷണശാല. വൈക്കം സത്യഗ്രഹ ചരിത്രത്തിൽ ഈ ഭക്ഷണശാലക്ക് പ്രാധാന്യം ലഭിച്ചില്ല. എന്നാൽ സത്യഗ്രഹവാർത്ത ബുള്ളറ്റിനിൽ പരാമർശമുണ്ട്.
റവ. ചാൾസ് ബി. ഹിൽ എന്ന അമേരിക്കൻ പത്രപ്രതിനിധി മെയ് 9 ന് വൈക്കത്തെത്തി സിക്കുകാരുടെയും ഭക്ഷണശാലയുടെയും ചിത്രം പകർത്തി. വാർത്ത ആദ്യമായി പുറത്തു കൊണ്ടുവന്നത് മേരി എലിസബത്ത് കിങ് എന്ന മാധ്യമ പ്രവർത്തകയാണ്. അക്കാലം മുതൽ ചപ്പാത്തി കേരളത്തിന്റേതുമായി.