കൊച്ചി: വനമേഖലയില്‍ ഉള്‍റോഡുകളിലൂടെ രാത്രികാലത്ത് വിനോദസഞ്ചാരം നിരോധിക്കണമെന്ന് ഹൈക്കോടതി രൂപീകരിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. സഞ്ചാരികള്‍ രാത്രി ഏഴിനുമുമ്പ് താമസസ്ഥലത്ത് എത്തിയെന്ന് ടൂറിസം പ്രമോട്ടര്‍മാര്‍ ഉറപ്പുവരുത്തണ മെന്നും ആവശ്യമെങ്കില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കണമെന്നും സമിതി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
വന്യമൃഗ ഭീഷണി നേരിടുന്ന മൂന്നാര്‍ മേഖലയിലെ മാലിന്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശാസ്ത്രീയമായി നീക്കം ചെയ്തില്ലെങ്കില്‍ ആനക്കൂട്ടമെത്തും. പടയപ്പയെ മാറ്റിയതു കൊണ്ടുമാത്രം കാര്യമുണ്ടാവില്ല. 301 ഏക്കര്‍, 80 ഏക്കര്‍ കോളനികളെ പുനരധിവസിപ്പിക്കണം.
ഏഴ് കിലോമീറ്റര്‍ ഓഫ് റോഡ് സവാരിക്കായി സൂര്യനെല്ലിയില്‍നിന്ന് കൊളുക്കുമലയിലേക്ക് 187 ജീപ്പുകള്‍ സഞ്ചരിക്കുന്നത് വന്യമൃഗങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പഠനം നടത്തുകയും റിപ്പോര്‍ട്ട് വരുന്നതുവരെ പൂര്‍ണ നിരോധനമോ ജീപ്പുകളുടെ, ട്രിപ്പുകളുടെ എണ്ണത്തില്‍ നിയന്ത്രണമോ വേണം. റേഷന്‍ വിതരണം പകല്‍ നടത്തണം. ധാന്യങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും കനത്ത ഭിത്തിയുള്ള സ്റ്റോര്‍ മുറികളില്‍ സൂക്ഷിക്കണം. റേഷന്‍ കടകള്‍ക്ക് സോളാര്‍ പവര്‍ വേലി സ്ഥാപിക്കണം.
വനമേഖലയില്‍നിന്ന് മാറ്റി സ്ഥാപിക്കുകയും വേണം. ചിന്നക്കനാല്‍-മതികെട്ടാന്‍ ദേശീയ പാത നിര്‍മാണത്തിന് ദേശീയപാത അഥോറിറ്റി വനം വകുപ്പിനു കൈമാറിയ ആറ് കോടി രൂപ മൂന്നാര്‍ മേഖലയിലേക്ക് ആനകള്‍ക്ക് ഇടനാഴിക്കും കോളനികളുടെ പുനരധിവാസത്തിനുമായി വിനിയോഗിക്കണം.
കാട്ടാനകള്‍ ആകര്‍ഷിക്കപ്പെടാതിരിക്കാന്‍ മൂന്നാര്‍ മേഖലയിലെ ഹോട്ടലുകളും റിസോര്‍ട്ടുകളും ഹോം സ്റ്റേകളും മാലിന്യം ഫലപ്രദമായി സംസ്കരിക്കുന്നുവെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉറപ്പാക്കണം. രാജമല, മാട്ടുപ്പെട്ടി, ഇക്കോ പോയിന്റ് തുടങ്ങിയ സ്ഥലങ്ങളിലെ മാലിന്യം യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കം ചെയ്യാന്‍ ദേവികുളം, മൂന്നാര്‍, ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കണം. ആറുമാസത്തിനുള്ളില്‍ പഞ്ചായത്തുകള്‍ ഇവിടെ മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കുകയും വേണം.
കല്ലാറില്‍ മാലിന്യം നിക്ഷേപിക്കുന്ന മേഖല രണ്ടാഴ്ചയ്ക്കകം സോളാര്‍ പവര്‍ വേലി സഹിതം സ്ഥാപിച്ച് ഉരുക്ക് കമ്പികള്‍കൊണ്ടു വേലികെട്ടി തിരിക്കണം. ആനയിറങ്കല്‍ പഴയ ദേവികുളം ബന്ധം പുനഃസ്ഥാപിക്കാന്‍ ആനത്താര സ്ഥാപിക്കണം. ഇതോടെ ദേവികുളത്ത് 4500 ഏക്കറോളം സ്ഥലം ആനകള്‍ക്ക് ലഭിക്കും.
ആനയിറങ്കലില്നിന്ന് സൂര്യനെല്ലി ഗുണ്ടുമല വഴി സൈലന്റ് വാലിയിലേക്ക് പോകുന്നതിനുള്ള തടസങ്ങളും പരിഹരിക്കണമെന്നുമാണ് റിപ്പോര്‍ട്ട്.