തിരുവനന്തപുരം: ഇ.പി അഴിമതിയുടെ കൊട്ടാരത്തിന്റെ കാവല്ക്കാരൻ. ഇപിയെ തൊട്ടാല്‍ അഴിമതിക്കൊട്ടാരം മുഴുവന്‍ കത്തും. ഇതോടെ പിണറായി വിജയനടക്കം അകത്തു പോകേണ്ടി വരുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.
കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജനെ സംരക്ഷിച്ചുകൊണ്ടുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിലപാടില്‍ പ്രതികരിക്കുകയായിരുന്നു കെ.സുധാകരന്.
ഇ.പി.ക്കെതിരേ ഒരു നടപടിയും ഉണ്ടാകില്ലെന്ന് തനിക്ക് ഉറപ്പായിരുന്നെന്ന് സുധാകരന് പ്രതികരിച്ചു. ഇ.പി കൂടിക്കാഴ്ച മറച്ചുവച്ചത് പിണറായിയെ രക്ഷിക്കാനാണ്. അതുകൊണ്ടാണ് നടപടിയില്ലാതെ പോയത്.
ഇ.പി സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞ് മടങ്ങിയത് സെഞ്ച്വറി അടിച്ച ക്രിക്കറ്റ് താരത്തിന്റെ സന്തോഷത്തോടെയാണെന്നും സുധാകരന് വിമര്‍ശിച്ചു.