തൃശൂർ: ഇന്ത്യൻ ഫുട്ബോളിന് ഇന്നു ചരിത്രദിനം. 50 വർഷം മുന്‍പ് ഇതുപോലൊരു ഏപ്രിൽ 30 നാണ് ഏഷ്യൻ യൂത്ത് ഫുട്ബോളിൽ ഇന്ത്യ ഇറാനോടൊപ്പം കിരീടം പങ്കുവച്ചത്. സുവർണനേട്ടത്തിന്റെ മധുരസ്മരണ പുതുക്കാൻ ഇന്ത്യൻ ഫു ട്ബോൾ അസോസിയേഷൻ ഇന്നു കോൽക്കത്തയിൽ കിരീടം നേടിയ ടീമിന് വൻസ്വീകരണം ഒരുക്കിയിട്ടുണ്ട്.
തായ്ലൻഡിൽ നടന്ന ടൂർണമെന്റിൽ ഇന്ത്യൻ ടീം 2- 2 സ്കോറിന് ഇറാനോടു സമനില പിടിക്കുകയായിരുന്നു. നിശ്ചിതസമയത്തും അരമണിക്കൂർ അധികസമയത്തും ഇരുടീമുകളും തുല്യത പാലിച്ചതിനെത്തുടർന്ന് ഇരുവരെയും സംയുക്തവിജയികളായി പ്രഖ്യാപിച്ചു. ഇന്നുള്ളതുപോലെ ടൈബ്രേക്കർ അന്നില്ലായിരുന്നു.
ഷബീർ അലി എന്ന ഹൈദരാബാദുകാരൻ നയിച്ച ആ ഇന്ത്യൻ ടീമിൽ ആകെ രണ്ടു മലയാളികളാണു ണ്ടായിരുന്നത്; സി.സി. ജേക്കബും ദേവാനന്ദും. ഇതിൽ ദേവാനന്ദ് ഓർമയായി.അന്നത്തെ ബെസ്റ്റ് പ്ലെയറും മലയാളികളുടെ അഭിമാനവുമായ സി.സി. ജേക്കബ് ഇന്നലെ വൈകിട്ട് സഹതാരമായിരുന്ന തമിഴ്നാട്ടുകാരൻ എസ്.പി. കുമാറിനൊപ്പം കോൽക്കത്തയിൽ എത്തിക്കഴിഞ്ഞു.
“വല്ലാത്തൊരു ത്രില്ലിലാണ് കുമാറും ഞാനും. എത്ര വർഷങ്ങൾക്കുശേഷമാണ് ഞങ്ങളെല്ലാം കാണാൻ പോകുന്നത്. കുമാറിനെത്തന്നെ വിമാനത്തിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷമായി. അന്നത്തെ 18 അംഗ ടീമിൽ എട്ടുപേർ ഞങ്ങളെ വിട്ടുപോയി. ബാക്കി 10 പേരിൽ ഒന്‍പതുപേരും എത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. അതിലൊരാൾ കഴിഞ്ഞ മൂന്നുതവണയായി ഹൗറയിൽനിന്നുള്ള തൃണമൂൽ എംപിയാണ്.
എല്ലാവർക്കും വിമാനടിക്കറ്റും വാഹനസൗകര്യവും താമസവും എല്ലാം ഒരുക്കിയിട്ടുണ്ട്. ഹോട്ടലിൽ എത്താനുള്ള തിടുക്കത്തിലാണ് ഞങ്ങൾ.” -വിമാനത്താവളത്തിൽനിന്നും ഹോട്ടലിലേക്കുള്ള വാഹനത്തിൽ കയറുന്നതിനിടയിൽ സി.സി. ജേക്കബ് പറഞ്ഞു.
ഏഷ്യൻ തലത്തിൽ ഇന്ത്യൻ ഫുട്ബോളിന്റെ അവസാനമിന്നലാട്ടമായിരുന്നു അഞ്ചു പതിറ്റാണ്ടു മുന്‍പത്തെ ഈ അപൂർവനേട്ടം. അന്നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ടീമിനെ അഭിനന്ദിച്ചിരുന്നു. അന്ന് ഗ്രൂപ്പ് മത്സരത്തിൽ സിംഗപ്പൂരിനെതിരേ ഗോളടിച്ച സി.സി. ജേക്കബ് ഫൈനലിലും രണ്ടു മിന്നുന്ന ഗോൾലൈൻ സേവുകളിലൂടെ ഇന്ത്യയുടെ രക്ഷകനായിരുന്നു.
സെബി മാളിയേക്കൽ