ലക്നൗ: കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ വഴിയോരത്തെ കടയിൽനിന്നു ഒരു പോലീസുകാരൻ മാങ്ങാ മോഷ്ടിച്ചത് കേരളാ പോലീസിനാകെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു. ഈ പോലീസുകാരനെ പിന്നീടു സർവീസിൽനിന്നു പിരിച്ചുവിട്ടു.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ സിക്കന്ദർപുരിലും പോലീസുകാർക്ക് അപമാനമുണ്ടാക്കുന്ന സംഭവമുണ്ടായി. രാത്രി ഡ്യൂട്ടിക്കിടെ ഒരു പോലീസുകാരൻ ഇലക്ട്രിക് പോസ്റ്റിൽനിന്നു ബൾബ് മോഷ്ടിക്കുകയായിരുന്നു. മോഷണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയുംചെയ്തു.
ദൃശ്യങ്ങളുടെ തുടക്കത്തിൽ മൊബൈൽ ഫോണിൽ സംസാരിച്ചെത്തുന്ന പോലീസുകാരൻ ഇലക്ട്രിക് പോസ്റ്റ് നിരീക്ഷിക്കുന്നതു കാണാം.
എന്തോ തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതായാണ് ആദ്യം തോന്നുക. എന്നാൽ പ്രകാശിച്ചുനിൽക്കുന്ന ബൾബ് ഹോൾഡറിൽനിന്ന് ഊരിയെടുത്ത് പോക്കറ്റിലാക്കി പോലീസുകാരൻ സ്ഥലംവിടുന്നതാണു പിന്നീടു കാണുന്നത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസുകാരനെതിരേ നടപടി സ്വീകരിച്ചു.