എടത്വ: കിടപ്പുരോഗിക്ക് ജീവന് രക്ഷാ മരുന്ന് നല്കി മടങ്ങുന്നതിനിടെ ബ്ലോക്ക് പഞ്ചായത്തംഗത്തിന് തെരുവുനായുടെ കടിയേറ്റു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗവും മാധ്യമ പ്രവര്‍ത്തകനുമായ അജിത് കുമാര്‍ പിഷാരത്തിനാണ് തെരുവുനായുടെ കടിയേറ്റത്.
ഇന്നലെ രാവിലെ ആറോടെ തലവടി തെക്ക് മണലേല്‍ സ്കൂളിനു സമീപം വച്ചായിരുന്നു നായുടെ ആക്രമണം. ബൈക്കില്‍ വരുന്നതിനിടെ അജിത്തിന്റെ വലത് കാല്‍പ്പത്തിയില്‍ നായ കടിച്ച് പിടിക്കുകയും ബൈക്കിന്റെ കൂടെ കുറെ ദൂരം മുന്നോട്ട് നീങ്ങിയ ശേഷമാണ് നായ കാലില്‍നിന്ന് പിടിവിട്ടത്. കടിച്ചഭാഗം ആഴത്തില്‍ മുറിഞ്ഞതിനാല്‍ അടിയന്തരമായി തിരുവല്ലയിലെ ആശുപത്രിയില്‍ ചികിത്സതേടി.