കോഴഞ്ചേരി: തിരുവല്ല-കുമ്പഴ സംസ്ഥാനപാതയിലെ കോഴഞ്ചേരി പഴയതെരുവിലെ സിഗ്നല്‍ ലൈറ്റ് കണ്ണടച്ചിട്ട് ഇരുപത് ദിവസത്തിലേറെയായി. സിഗ്നല്‍ തെളിയാത്തതിനാല്‍ അപകടങ്ങൾ പെരുകുന്നു.
കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയും ഇരുചക്രവാഹനവുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായി. വാഹനങ്ങള്‍ അപകടത്തിൽപെടുന്നത് സ്ഥിരം സംഭവമായിട്ടുണ്ട്.
മുത്തൂറ്റ് ആശുപത്രി പടി വഴിയുള്ള വൺവേ റോഡിലൂടെ ടികെ റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളാണ് പ്രധാന റോഡിലൂടെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നത്.
റോഡ് മുറിച്ചു കടന്ന് പഴയതെരുവിലൂടെ ജില്ലാ വ്യവസായ ഓഫീസിനു മുന്നിലൂടെയുള്ള ഇടവഴിയിലൂടെ പോകുന്ന വാഹനങ്ങളും അപകടത്തിൽപെടാറുണ്ട്.
കോഴഞ്ചേരി പൗരാവലി പ്രസിഡന്റ് ജോജി കാവുംപടിക്കല്‍ 2017 ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഴുവരെ ജംഗ്ഷനില്‍ നടത്തിയ നിരാഹാര സമരത്തെത്തുടര്‍ന്നാണ് എംപിയായിരുന്ന ആന്റോ ആന്റണി തന്റെ ആസ്തിവികസനഫണ്ടിലെ തുക ഉപയോഗിച്ച് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കാമെന്നു പ്രഖ്യാപിക്കുകയും 2018-ല്‍ സിഗ്നല്‍ സ്ഥാപിക്കുകയും ചെയ്തത്.
എന്നാല്‍, കഴിഞ്ഞ ദിവസമായി സിഗ്നല്‍ കണ്ണടച്ചിട്ടും അതു പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയാറായിട്ടില്ല.