വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്രഹം കൊണ്ടു മദിരാശിയിലേക്കു പോകുന്നതും അവിടെ അവര്‍ നേരിടുന്ന വെല്ലുവിളികളും അവരുടെ ജീവിതത്തില്‍ പിന്നീടു സംഭവിക്കുന്ന കാര്യങ്ങളുമാണ് ‘വര്‍ഷങ്ങള്‍ക്കു ശേഷം’. “ഇവർ കടന്നുപോകുന്ന വഴികളിലെ ആളുകളുമായി ഉണ്ടാകുന്ന അനുഭവങ്ങളും സൗഹൃദങ്ങളും പ്രശ്നങ്ങളുമൊക്കെയാണു സിനിമ”- സംവിധായകന് വിനീത് ശ്രീനിവാസന് രാഷ്്ട്ര ദീപികയോടു പറഞ്ഞു.
കഥയ്ക്കു പിന്നിൽ…
കോളജ്കാലം തൊട്ടേ മനസിലുള്ള കഥയാണ്. 2022ലാണ് ഇത് എഴുതണമെന്ന ആഗ്രഹം തീവ്രമായത്. 2023ലാണ് എഴുതിത്തുടങ്ങിയത്. ഈ കഥ പൂര്‍ണമായും ഫിക്ഷന്‍ തന്നെയാണ്. പക്ഷേ, യഥാര്‍ഥത്തില്‍ നടന്ന പല സംഭവങ്ങളും എഴുത്തിനെ സ്വാധീനിക്കുമല്ലോ. എഴുപതുകളില്‍ സിനിമ തേടി കോടന്പാക്കത്തു വന്നിട്ടുള്ളവര്‍, അവരുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍… അത്തരം സ്വാധീനമുണ്ട്.
നമ്മളെല്ലാവരും എപ്പോഴും പറയുന്നതാണല്ലോ…വര്‍ഷങ്ങള്‍ക്കു ശേഷമെന്ന്. അതിനൊരു സൗഹൃദത്തിന്റെ ഫീലുണ്ട്. പലപ്പോഴും പല കൂട്ടുകാരെയും കാണുന്നതു വര്‍ഷങ്ങള്‍ക്കു ശേഷമാവും. ഈ സിനിമയുടെ എസന്സുള്ള ടൈറ്റില്‍ പോലെ.
പ്രണവും കല്യാണിയും വീണ്ടും…
ഇതിലെ കഥാപാത്രത്തിനു പ്രണവ് കറക്ടായിരുന്നു. എഴുതുന്നതിനു മുമ്പുതന്നെ മുരളി, വേണു എന്നീ വേഷങ്ങളിൽ പ്രണവും ധ്യാനും വേണമെന്നുറപ്പിച്ചു. അനശ്വര നടന്മാരായ മുരളിയുടെയും നെടുമുടി വേണുവിന്റെയും പേരുകളാണ് ഇവര്ക്കിട്ടത്. ചമ്പക്കുളം തച്ചൻ സെറ്റിൽ മുണ്ടും ഏറെ ലൂസായ ജുബ്ബയും ധരിച്ചു കവിതയും ചൊല്ലി സഞ്ചിയുമിട്ടു വന്ന മുരളിയങ്കിൾ മനസിലുണ്ട്. ആ ലുക്കാണ് പ്രണവിനു കൊടുത്തത്. കമലദളത്തില്‍ ലാലങ്കിള്‍ ഉപയോഗിച്ചതുപോലെ ഒരു മാലയും പ്രണവിനു നല്കി. സ്ക്രിപ്റ്റെഴുതിക്കഴിഞ്ഞ് എല്ലാവര്ക്കും വായിച്ചുകൊടുത്തപ്പോള്‍ ചിത്രത്തിലെ ഒരു പ്രധാന വേഷം കല്യാണി ചെയ്താല്‍ നന്നായിരിക്കുമെന്നു മൊത്തത്തില്‍ അഭിപ്രായമുണ്ടായി.
ധ്യാനിനെ ഡയറക്ട് ചെയ്യുമ്പോള്‍…
ഞങ്ങള്‍ ഏറെ ആസ്വദിച്ചാണ് ഇതു ഷൂട്ട് ചെയ്തത്. തിര ചെയ്തപ്പോഴും കംഫര്‍ട്ടബിളായിരുന്നു. ഇപ്പോള്‍ ധ്യാനിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നത് ഏറെ ഈസിയാണ്. നടനെന്ന നിലയില്‍ ധ്യാനിന് അത്രത്തോളം അനുഭവങ്ങളായി. സ്ക്രിപ്റ്റ് ഫസ്റ്റ് ഹാഫ് കേട്ടിട്ടാണ് ധ്യാന്‍ ഷൂട്ടിനിറങ്ങിയത്. അപൂർവം ചില സീനുകളിലെ ഇമോഷണല്‍ ഭാഗങ്ങളില്‍ എങ്ങനെ പെര്‍ഫോം ചെയ്യണം എന്നതൊഴിച്ച് ഷൂട്ടിംഗിനിടെ ഞങ്ങൾക്കിടയിൽ അധികം ചർച്ചകളുണ്ടായിട്ടില്ല.
പ്രണവ് കഥാപാത്രമാകുന്നത്…
സ്ക്രിപ്റ്റ് വളരെ കൃത്യമായി പഠിച്ചിട്ടാണു പ്രണവ് വരിക. പക്ഷേ, അഭിനയിക്കുന്നതു വളരെ സ്വാഭാവികമായാണ്. സെറ്റിലെത്തിയാല്‍ വേറെ സംശയങ്ങളൊന്നുമില്ല. ഏറെ റിഹേഴ്സലുകളൊന്നും ഉണ്ടാകാറില്ല. മിക്കപ്പോഴും നേരിട്ടു ടേക്കിലാക്കാണു പോവുക. അധികം കറക്ഷനുകള്‍ വരാറില്ല. ഇതില്‍ കഥാപാത്രത്തിനുവേണ്ടി പ്രണവ് കുറച്ചു ലൂസായി, ശരീരം ഫ്രീയായി മൂവ് ചെയ്തിട്ടുണ്ട്.
നിവിന്‍ പോളി….
ഇതില്‍ നിവിന്‍ ഒരു ആക്ടറുടെ വേഷമാണ്. ഗസ്റ്റ് അപ്പിയറന്‍സ് അല്ല. എഴുതുന്നതിനു മുമ്പു നിവിൻ തന്നെ വേണമെന്ന് ഉറപ്പിച്ചിരുന്നു. എഴുതിക്കഴിഞ്ഞു നേരിട്ടു കഥ പറഞ്ഞപ്പോള്‍ നിവിന്‍ ആ വേഷം ചെയ്യാന്‍ തയാറായി. ആനന്ദത്തില്‍ നിവിന്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ സെറ്റിലില്ല. ലവ് ആക്ഷന്‍ ഡ്രാമയിലാണ് പിന്നീടു ഞങ്ങള്‍ ഒരുമിച്ചു വര്‍ക്ക് ചെയ്തത്. ഞാന്‍ ഡയറക്ട് ചെയ്ത ഒരു പടത്തില്‍ എട്ടു വര്‍ഷം കഴിഞ്ഞാണ് നിവിനൊപ്പം വര്‍ക്ക് ചെയ്യുന്നത്.
അമൃത് മ്യൂസിക്….
പഴയകാലം തൊട്ടുള്ള കഥ പറയുന്ന സിനിമ ആയതിനാൽ ആ ഒരു എസെന്‍സ് കൃത്യമായി പകരുന്ന മ്യൂസിക് ഡയറക്ടര്‍ വേണമെന്നുണ്ടായിരുന്നു. അങ്ങനെ ബോംബെ ജയശ്രീയുടെ മകന് അമൃതിലേക്ക് എത്തി. ഒരു ദിവസം അമൃത് എന്റെ വീട്ടിൽ വന്നപ്പോൾ താൻ മ്യൂസിക് ചെയ്ത റിലീസ് ചെയ്യാത്ത ചില പാട്ടുകള്‍ കേള്‍പ്പിച്ചു. 70കള്‍ക്കു മുമ്പുള്ള മ്യൂസിക് ഡയറക്ടർമാരുടെ ഒരു ഫീല്‍ അമൃതിന്റെ മ്യൂസിക്കിനുണ്ടെന്നു തോന്നി. മാത്രമല്ല അവിടന്നു തുടങ്ങി 2023 വരെയുള്ള കാലം ഈ സിനിമയിലുണ്ട്.
വൈ.ജി. മഹേന്ദ്ര…
സ്വാമീസ് ലോഡ്ജിന്റെ ഉടമയും നടത്തിപ്പുകാരനുമൊക്കെ സ്വാമിനാഥന് എന്നയാളാണ്. സിനിമ ഇഷ്ടപ്പെടുന്ന ഒരുപാടുപേര് വന്നുപോകുന്ന ഒരിടം. അവിടെ ഒരു കാരണവരെപ്പോലെ എല്ലാവരുടെയും കൂടെയുള്ള ആൾ. ആ വേഷം കൃത്യമായി ചെയ്യാന്‍ പറ്റുന്ന ഒരാളെക്കുറിച്ചുള്ള അന്വേഷണം വൈ.ജി. സാറിലേക്ക് എത്തുകയായിരുന്നു. 40 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അദ്ദേഹം മലയാളത്തില്‍ അഭിനയിച്ചത്!
ടി.ജി. ബൈജുനാഥ്