തൊടുപുഴ: കരിങ്കുന്നം ഇല്ലിചാരിയില്‍ ഭീതി വിതച്ച പുലിയുടെ സാന്നിധ്യം കൂടുതല്‍ പ്രദേശങ്ങളില്‍ സ്ഥിരീകരിച്ചു. കരിങ്കുന്നത്തിനു പുറമെ തൊടുപുഴ നഗരസഭയിലും മുട്ടം പഞ്ചായത്തിലുമാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതിനിടെ വനംവകുപ്പ് സ്ഥാപിച്ചിരിക്കുന്ന കാമറയില്‍ പുലിയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ ലഭിച്ചു. ഇതോടെ പ്രദേശവാസികള്‍ അതീവ ഭീതിയിലായി.
ഇല്ലിചാരിയില്‍ പുലിയെ കുടുക്കാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. കൂട് സ്ഥാപിച്ച് പത്തു ദിവസത്തോളമായിട്ടും പുലി കെണിയില്‍ കുടുങ്ങാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ പുലിയുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയ തൊടുപുഴ നഗരസഭയിലെ പാറക്കടവ് പൊട്ടന്‍പ്ലാവ് ഭാഗത്തേക്കു കൂട് മാറ്റി സ്ഥാപിക്കും. കരിങ്കുന്നം പഞ്ചായത്തിന്റെയും തൊടുപുഴ നഗരസഭയുടെയും അതിര്‍ത്തിയാണ് ഇവിടം.
ഇല്ലിചാരിക്കു പുറമെ തൊടുപുഴ നഗരസഭയുടെ 30-ാം വാര്‍ഡിലുള്‍പ്പെടുന്ന പാറക്കടവ് മഞ്ഞുമാവ് പ്രദേശത്തും മുട്ടം മലങ്കര എസ്റ്റേറ്റിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മഞ്ഞുമാവ് ഭാഗത്ത് പുലിയെ കണ്ടതായി വിവരം ലഭിച്ചത്. പിന്നീട് മേഖലയില്‍ പരിശോധന നടത്തിയ വനംവകുപ്പ് അധികൃതരാണ് പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉറപ്പിച്ചത്.
മലങ്കര എസ്റ്റേറ്റില്‍ കഴിഞ്ഞ ദിവസമാണ് പുലിയെ കണ്ടത്. എസ്റ്റേറ്റ് ജീവനക്കാരനാണ് പുലിയെ കണ്ട വിവരം വനംവകുപ്പിനെ അറിയിച്ചത്. പിന്നീട് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലി തന്നെയാണ് ഇവിടെ എത്തിയതെന്ന് സ്ഥിരീകരിച്ചു. മഞ്ഞുമാവില്‍ ഒരു കുട്ടിയാണ് പുലി ഓടിപ്പോകുന്നതായി കണ്ടത്.
ഒരേ പുലി തന്നെയാണ് വിവിധ മേഖലകളില്‍ ചുറ്റിത്തിരിയുന്നതെന്നാണ് വനംവകുപ്പിന്റെ നിഗമനം. നിലവില്‍ പൊട്ടന്‍പ്ലാവ് മേഖലയിലാണ് പുലിയുടെ സാന്നിധ്യം കൂടുതലായുള്ളതെന്ന് വനംവകുപ്പധികൃതര്‍ പറഞ്ഞു. ഒട്ടേറെ വളര്‍ത്തു മൃഗങ്ങളെ പുലി ഇതിനോടകം കൊന്നു തിന്നിരുന്നു. ഇതിനു പുറമെ കുറുക്കന്മാരെയും കൊന്നു തിന്നിട്ടുണ്ട്.
രണ്ടു മാസത്തോളമായി ഇല്ലിചാരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ പുലിപ്പേടിയിലാണ്. ഇതിനിടെയാണ് കൂടുതല്‍ പ്രദേശങ്ങളില്‍ പുലിയെ കണ്ടതായി സ്ഥിരീകരണം ഉണ്ടായത്. അതിനാല്‍ പുലിയെ പിടികൂടി ജനങ്ങളുടെ ഭീതിയകറ്റണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്.