കോട്ടയം: എരുമേലിയില്‍ നിര്‍ദിഷ്ട ശബരി എയര്‍പോര്‍ട്ട് നിര്‍മാണം അനിശ്ചിതത്വത്തില്‍. സ്ഥലം ഏറ്റെടുക്കല്‍ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തതിനുശേഷം തുടര്‍നടപടികള്‍ക്ക് സര്‍ക്കാര്‍ നീക്കം നടത്തുന്നില്ല. അഡ്വക്കറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയശേഷം വേണം സ്റ്റേ അഴിക്കാനുള്ള നടപടിയിലേക്ക് കടക്കാന്‍.
441 കൈവശക്കാരുടെ 1000.28 ഹെക്ടര്‍ ഏറ്റെടുക്കാനാണ് മാര്‍ച്ചില്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഉടമകള്‍ക്ക് നോട്ടീസ് നല്കി സ്ഥലം അളന്ന് നഷ്ടപരിഹാരം നല്കി ഏറ്റെടുക്കാനുള്ള നടപടികള്‍ക്കിടയിലാണ് സ്റ്റേ വന്നത്. ചെറുവള്ളി എസ്റ്റേറ്റിന്റെ കൈവശക്കാരായ ബിലീവേഴ്സ് ചര്‍ച്ചിന് കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റ് നല്കിയ ഹര്‍ജിയിലാണ് സ്റ്റേ. സാമൂഹികാഘാത പഠനം നടത്തിയതിലും ഭൂമിയുടെ ഉടമസ്ഥാവകാശം നിര്‍ണയിച്ചതും ചട്ടവിരുദ്ധമായാണെന്ന വാദം പരിഗണിച്ചാണ് അപ്രതീക്ഷിത നടപടിയുണ്ടായത്.
ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ചര്‍ച്ചിനോ സര്‍ക്കാരിനോ എന്നതില്‍ പാലാ കോടതിയില്‍ കേസ് നിലവിലുണ്ട്. സര്‍ക്കാറിന് ഉടമസ്ഥാവകാശമുള്ള ഭൂമി എന്ന പേരിലാണ് വിജ്ഞാപനമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. സാമൂഹിക ആഘാത പഠനം നടത്തിയ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ഏജന്‍സിയാണെന്നും കേന്ദ്ര-സംസ്ഥാന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണിതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
2005ല്‍ ബിലീവേഴ്സ് ചര്‍ച്ച് 2,263 ഏക്കര്‍ എസ്റ്റേറ്റ് വാങ്ങിയതു മുതല്‍ എസ്റ്റേറ്റ് തട്ടിയെടുക്കാന്‍ രാഷ്ട്രീയതാത്പര്യമുള്ള ചിലര്‍ നീക്കം നടത്തുന്നുണ്ട്. എരുമേലിക്കും ശബരിമലയ്ക്കും സമീപമുള്ള എസ്റ്റേറ്റില്‍ സര്‍ക്കാരിനും രാഷ്ട്രീയ ബിനാമികള്‍ക്കും താത്പര്യമുണ്ട്. സ്ഥലം ഏറ്റെടുക്കുമ്പോള്‍ പൊന്നുംവില നഷ്ടപരിഹാരം നല്‍കാനോ മൂവായിരം കോടി രൂപ മുടക്കി എയര്‍പോര്‍ട്ട് പണിയാനോ സര്‍ക്കാരിനു പണമില്ല.
എയര്‍പോര്‍ട്ടിന് ആവശ്യമുള്ള 1800 ഏക്കറിനുശേഷം ബാക്കി സ്ഥലം ടൗണ്‍ഷിപ്പും സര്‍ക്കാര്‍ ഓഫീസുകളും ഗസ്റ്റ് ഹൗസുകളും നിര്‍മിക്കാനാണ് ആലോചന. ഉന്നത ഇടപെടലില്‍ തന്ത്രപ്രധാനമായി ഈ സ്ഥലം ബിനാമികളുടെയും ഭൂമാഫിയകളും കൈകളില്‍ എത്തിപ്പെടാനുള്ള സാധ്യതയുമുണ്ട്. ഇത്തരത്തില്‍ വിവിധ വാദങ്ങളാണ് കോടതിയില്‍ ഉന്നയിക്കപ്പെട്ടത്.