തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ പോര് മുറുകുന്പോൾ സൈബറിടങ്ങൾ അതേറ്റ് പിടിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലുൾപ്പെടെ തന്നെ കരിവാരിത്തേക്കാൻ മേയറും കൂട്ടരും ശ്രമിക്കുന്നു എന്ന് യദു ആരോപിച്ചു.
ലഹരിക്കടിമയാണെന്നും ,ക്രിമിനൽ കേസിലെ പ്രതിയാണെന്നുമൊക്കെ വരുത്തി തീർക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. കേസുണ്ടെങ്കിലോ, അത്തരത്തിലൊരു വ്യക്തിയാണ് താനെങ്കിലോ എങ്ങനെ സർക്കാർ ജോലി ലഭിക്കുമെന്നും യദു ചോദിക്കുന്നു.
ദിവസക്കൂലിക്കാരനായ തന്റെ ഏക വരുമാന മാർഗമാണ് ഈ ജോലി. അത് ഇല്ലാതാക്കിയാൽ കുടുംബം പട്ടിണിയിലാകും. തിരികെ ജോലിയിൽ പ്രവേശിച്ചേ മതിയാകൂ. ഒരു ദിവസമെങ്കിൽ ഒരു ദിവസം ജോലിക്ക് കയറിയിരിക്കും. അത് തന്റെയൊരു വാശിയാണെന്ന് യദു പറഞ്ഞു.
അങ്ങനെ കയറിയില്ലങ്കിൽ തന്റെ ഒപ്പം നിൽക്കുന്ന ബിഎംഎസിന് ഏൽക്കുന്ന പ്രഹരമായിരിക്കും. അതുകൊണ്ട് തന്നെ നിയമത്തിന്റെ ഏതറ്റം വരെ പോകാനും താൻ തയാറാണെന്നും യദു വ്യക്തമാക്കി.