തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരേ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി. കെ. സനോജ്. ആര്യയ്ക്കെതിരേ സംഘടിതമായ ആക്രമണമാണ് സൈബർ ഇടങ്ങളിൽ നടക്കുന്നത്. ആര്യ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഡ്രൈവറാണ് മോശമായി പെരുമാറിയതെന്നും സനോജ് പറഞ്ഞു.
ലൈംഗിക അധിക്ഷേപമുണ്ടായാൽ അതിനെ ചോദ്യം ചെയ്യുക തന്നെ വേണം. തെമ്മാടികളെ ഇങ്ങനെ തന്നെയാണ് നേരിടേണ്ടത്.ആര്യയുടേത് ശരിയായ പ്രതികരണമാണെന്നും പെൺകുട്ടികൾ ആര്യ പ്രതികരിച്ച രീതിയിൽ തന്നെ പ്രതികരിക്കണമെന്നും സനോജ് പറഞ്ഞു.
ആര്യയുടെ സ്ഥാനത്ത് മറ്റേതെങ്കിലും പെൺകുട്ടിയായിരുന്നു എങ്കിൽ വീര പരിവേഷം ലഭിക്കുമായിരുന്നു. ആര്യയ്ക്കെതിരായ ആക്രമണം ഡിവൈഎഫ്ഐ ശക്തമായി കൈകാര്യം ചെയ്യും. മേയർ നേരിട്ട് ആക്രമണത്തിനെതിരേ പൊതുസമൂഹം പ്രതികരിക്കണമെന്നും സിനോജ് ആവശ്യപ്പെട്ടു.
അതേസമയം വടകരയിൽ യുഡിഎഫ് വർഗീയ പ്രചരണം നടത്തിയെന്നും സനോജ് ആരോപിച്ചു. മെയ് മൂന്നിന് പാനൂരിൽ വർഗീയതയ്ക്കെതിരേ ഡിവൈഎഫ്ഐ യൂത്ത് അലേർട്ട് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.