സൂറത്ത്: സ്മാർട്ട് ഫോൺ വാങ്ങിക്കുന്നതിനായി 10 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ച് പതിമൂന്നുകാരൻ. തന്റെ പ്രിയപ്പെട്ട ടിവി സീരിയലായ സിഐഡിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുട്ടി മോഷണം നടത്തിയത്. മൊബൈൽ ഫോൺ വാങ്ങി ടിവി സീരിയൽ കാണുക എന്നതായിരുന്നു കുട്ടിയുടെ ലക്ഷ്യം.
ഏപ്രിൽ 26 ന് ആണ് മോഷണം നടന്നത്. തന്റെ ബന്ധുവിനൊപ്പം താമസിക്കാനാണ് പിപ്ലോഡിലെ ആഡംബര ഫ്ലാറ്റിൽ പതിമൂന്നുകാരൻ എത്തിയത്. എന്നാൽ കുട്ടി പ്രിയങ്ക കോത്താരിയുടെ ഫ്ലാറ്റിൽ കയറി സ്വർണവും പണവും മോഷ്ടിക്കുകയായിരുന്നു.
ബന്ധുവിന്റെ ഫ്ലാറ്റിലെ ശൗചാലയത്തിന്റെ വെന്റിലേഷൻ ഇളക്കി മാറ്റി പൈപ്പ് വഴി കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് കുട്ടി ഊർന്നിറങ്ങിയാണ് മോഷണം നടത്തിയത്.
ശാസ്ത്രീയ അന്വേഷണത്തിൽ ഒരു കുട്ടിയാണ് പ്രതി എന്ന് പോലീസിന് വ്യക്തമായി. 6.40 ലക്ഷം വിലവരുന്ന സ്വർണ ബ്രേസ്ലെറ്റുകൾ, 2.08 ലക്ഷം രൂപയുടെ സ്വർണ മാല, 52000 രൂപയുടെ സ്വർണ മോതിരം, 10000 രൂപ എന്നിവയാണ് കുട്ടി മോഷ്ടിച്ചത്.