മദ്യലഹരിയിൽ ഭാര്യയെ മർദിച്ച ഭർത്താവിനെ പിടികൂടാനെത്തി പുലിവാല് പിടിച്ചിരിക്കുകയാണ് പോലീസ്. പത്തനംതിട്ടയിലാണ് സംഭവം. ഭർത്താവ് മദ്യപിച്ചെത്തി വീട്ടിൽ അടിയുണ്ടാക്കുന്നു എന്ന് വിവരം കിട്ടയതിനെ തുടർന്നാണ് ആറന്മുള പോലീസ് സംഭവ സ്ഥലത്തെത്തിയത്.
എന്നാൽ പ്രതിയെ പൊക്കാനെത്തിയ പോലീസിന് കിട്ടിയത് എട്ടിന്റെ പണിയാണ്. മദ്യപിച്ച് ബോധമില്ലാതെ നിൽക്കുന്ന ആളെ പോലീസ് തന്നെ കുളിപ്പിച്ച് ലഹരി ഇറക്കി കസ്റ്റഡിയിലെടുത്തു.
ഇലക്ഷൻ ഡ്യൂട്ടിക്കിടെയാണ് ആറന്മുള പൊലീസിന് മദ്യലഹരിയിൽ ഒരാൾ വീട്ടിൽ തല്ലുണ്ടാക്കുന്ന വിവരം ലഭിച്ചത്. തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോൾ കണ്ടത് കുടിച്ച് വെളിവില്ലാതെ ഭാര്യയെ തല്ലുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന ഭർത്താവിനെയാണ്.
തുടർന്ന് സ്വബോധം നഷ്ടപ്പെട്ട ഇയാളുടെ കെട്ടിറക്കാനായി കുളിപ്പിക്കാനും തീരുമാനിച്ചു. അവസാനം ഇയാളെ പിടിച്ചു വലിച്ച് പോലീസുകാർ പൈപ്പിന്റെ ചുവട്ടില്‍ എത്തിച്ചു. എന്നാൽ ബക്കറ്റിൽ വെള്ളം പിടിച്ച് കുളിക്കാൻ പറഞ്ഞെങ്കിലും ഇയാൾ അത് ചെയ്തില്ല. അങ്ങനെ എസ്ഐ തന്നെ വെള്ളം കോരി ഒഴിച്ച് കുളിപ്പിച്ചു.
പിന്നീട് ബോധം വന്നതോടെ ജീപ്പില്‍ സ്റ്റേഷനിലേയ്ക്ക് ഇയാളെ കൊണ്ടുപോയി. മദ്യപിച്ച് ശല്യമുണ്ടാക്കിയതിനും ഭാര്യയെ തല്ലിയതിനും വിവിധ വകുപ്പുകൾ ചുമത്തി പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.