കോഴിക്കോട്: റെയില്‍വേ ടിക്കറ്റ് പരിശോധകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ലെന്നെന്നു വ്യാപകപരാതി. ദുര്‍ഗന്ധം വമിക്കുന്ന മുറികളിലാണ് ഇവരുടെ വിശ്രമം. പലതവണ വിഷയം റെയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലെന്ന് ടിടിഇമാര്‍ പറയുന്നു.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍നിന്ന് ദക്ഷിണ റെയില്‍വേയുടെ വിവധ ഭാഗങ്ങളിലേക്ക് ഡ്യൂട്ടിക്ക് പോകുന്ന ടിടിഇമാര്ക്കാണ് ദുരിതം. എട്ടും പത്തും മണിക്കുര്‍ പണിയെടുത്ത് എത്തുന്നവര്‍ക്ക് വിശ്രമത്തിനു മതിയായ സൗകര്യമില്ലാത്തത് ആരോഗ്യത്തെ ബാധിക്കുന്നതായാണ് ആരോപണം.
പാലക്കാട് ഡിവിഷനു കീഴിലെ മംഗലാപുരം, ഷൊര്‍ണൂര്‍, കണ്ണൂര്‍, പാലക്കാട് സ്റ്റേഷനുകളിലും തിരുവനന്തപുരം ഡിവിഷനു കീഴിലെ തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലുമുള്ള വിശ്രമ കേന്ദ്രങ്ങളിലാണ് അടിസ്ഥാന സൗകര്യങ്ങള്‍പോലും ഇല്ലത്തത്. തിരുവനന്തപുരത്തെ വിശ്രമമുറിയില്‍ പതിനഞ്ചു കട്ടിലുകളാണുള്ളത്.
എന്നാല്‍ ഇവിടെ വിശ്രമിക്കാന്‍ മുപ്പതുപേരെങ്കിലും ഉണ്ടാവും.ആലപ്പുഴയിലും സമാന അവസ്ഥയാണെന്ന് ടിടിഇമാര്‍ പറയുന്നു.എറണാകുളം സൗത്തില്‍ ടിക്കറ്റ് പരിശോധകര്‍ക്ക് നല്‍കിയത് ഉപയോഗശൂന്യമായ റെയില്‍വേ ക്വാര്‍ട്ടേഴ്സാണ്. പാലക്കാട്ടെ വിശ്രമമുറിയില്‍ മതിയായ കട്ടിലുകള്‍ ഇല്ലെന്ന് മാത്രമല്ല ശുചിമുറി ഉപയോഗ ശൂന്യവുമാണ്.
ഷൊര്‍ണൂരില്‍ ഇരുപതോളം പേര് വിശ്രമിക്കുന്ന കേന്ദ്രത്തില്‍ ഒരു കുളിമുറിയും കക്കൂസും മാത്രമാണുള്ളത്. വനിതാ ടിക്കറ്റ് പരിശോധകര്‍ക്കും എല്ലാ വിശ്രമകേന്ദ്രങ്ങളിലും മതിയായ സൗകര്യമില്ല. റെയില്‍വേയുടെ നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ടിടിഇമാര്‍ പ്ളാറ്റ്ഫോമില്‍ കിടന്നു പ്രതിഷേധിച്ചിരുന്നു.