സിപിഎ്മ്മിന്റെ തൊഴിലാളി സംഘടനയായ സിഐടിയുവിന്റെ ഫ്ളെക്സ് ബോര്‍ഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും. സിഐടിയു സംസ്ഥാന സമ്മേളന പ്രചാരണ ബോര്‍ഡിലാണ് ചിത്രം ഇടംപിടിച്ചിരിക്കുന്നത്. മോദിയുടെ ചിത്രം വച്ചതിനെതിരെ ബിജെപിയാണ് പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയെ അവഹേളിക്കുന്നതാണെന്ന ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് എഎസ്പി പൂങ്കഴലി സിഐടിയു ഭാരവാഹികള്‍ക്ക് നോട്ടീസ് നല്കി.
അച്ചാ ദിന് ആയേഗ (നല്ല കാലം വരുന്നു) എന്ന തലക്കെട്ടിലുള്ള ബോര്‍ഡില്‍ വാളേന്തിയ മോഡി സിംഹാസനത്തിലിരുന്ന് പാവപ്പെട്ടവന്റെ മേല്‍ ചവിട്ടുന്നതാണ് ചിത്രം. മോദിയുടെ സമീപം പശുവിന്റെ ചിത്രവുമുണ്ട്. 24 മണിക്കൂറിനകം ബോര്‍ഡ് മാറ്റണമെന്നും അല്ലാത്തപക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും കാണിച്ചാണ് പൊലീസിന്റെ നോട്ടീസ്. മോദി സാധാരണക്കാര്‍ക്ക് നല്കിയ വാഗ്ദാനങ്ങളുടെ പൊള്ളത്തരവും അത് മറയ്ക്കാന്‍ വര്‍ഗീയതയെ ഉപയോഗിക്കുന്നതും തുറന്നുകാട്ടുന്ന കാര്‍ട്ടൂണ്‍ ചിത്രമാണിതെന്നാണ് സി ഐടിയു നേതാക്കള്‍ പറയുന്നത്. എന്നാല്‍ ചിത്രത്തിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ബോര്‍ഡ് മാറ്റാനുള്ള തയാറെടുപ്പിലാണ് സിപിഎം.