അണുബാധ ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കും. ശ്വാസകോശത്തിലെയും ആമാശയത്തിലെയും അണുബാധയാണ് പൊതുവേ ഉണ്ടാകുന്നതെങ്കിലും മുത്രാശയ അണുബാധയും സാധാരണയായി കണ്ടുവരുന്നു.
പ്രധാന ലക്ഷണങ്ങള്‍
· മൂത്രം ഒഴിക്കുമ്പോള്‍ നീറ്റല്‍.
· ഇടയ്ക്കിടെ മൂത്രം ഒഴിക്കുക.
· മൂത്രം അറിയാതെ പോവുക.
· കലങ്ങിയ രീതിയില്‍ മൂത്രം പോവുക.
· ചുവന്ന നിറത്തില്‍ മൂത്രം പോവുക.
മൂത്രസഞ്ചിയിലോ മൂത്രനാളിയിലോഉള്ള അണുബാധയാണെങ്കില്‍ ഇത്തരത്തിലുള്ള ലക്ഷണങ്ങളാണ് പ്രകടമാകുന്നത്.വൃക്കകളെ ബാധിക്കുന്ന അണുബാധയാണെങ്കില്‍ പനി, വിറയല്‍, നടുവേദന, വയറുവേദന എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകാം. മൂത്രാശയ അണുബാധ ഓരോ പ്രായത്തിലും ഓരോ രീതിയിലാണ് കണ്ടുവരുന്നത്.
ചെറുപ്രായത്തില്‍
ജന്മനായുള്ള മൂത്രശയ തകരാറ് അണുബാധയ്ക്ക് കാരണമാകുന്നു. പ്രധാനമായും ആണ്‍കുട്ടികളില്‍ പോസ്റ്റീരിയര്‍ യൂറിത്രല്‍ വാല്‍വ് എന്ന അവസ്ഥയില്‍ മൂത്രം പോകുമ്പോള്‍ ശക്തി കുറവും കരച്ചിലുമാണ് പ്രധാന ലക്ഷണങ്ങള്‍.
പെണ്‍കുട്ടികളില്‍ മൂത്രാശയ ഘടനയുടെ പ്രശ്നങ്ങള്‍ കാരണം അണുബാധ ഉണ്ടാകാം. ചിലരില്‍ മൂത്രം മുഴുവന്‍ താഴോട്ട് പോകുന്നതിനു പകരം അല്പം അളവില്‍ വൃക്കകളിലേക്ക് പോവുകയും ആ സമയത്ത് നടുവേദന അനുഭവപ്പെടുകയും ചെയ്യാം. ചിലരില്‍ മൂത്രം അറിയാതെ പോവുകയും ചെയ്യുന്നതാണ് മറ്റു ലക്ഷണങ്ങള്‍.
കുഞ്ഞുങ്ങളിലെ മൂത്രാശയ അണുബാധ കൃത്യസമയത്ത് കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ ചിലര്‍ക്ക് ഭാവിയില്‍ വൃക്ക തകരാറിന് കാരണമാവുകയും അവരില്‍ ഒരു വിഭാഗം രോഗികളില്‍ ഡയാലിസിസിലേക്കും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലേക്കും നയിക്കാം. അതിനാല്‍ കുട്ടികളില്ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങേണ്ടതും അനിവാര്യമാണ്.
കുഞ്ഞുങ്ങള്‍ക്ക് രോഗലക്ഷണം കൃത്യമായി പറയാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മുതിര്ന്നവരിലേതു പോലെ എളുപ്പത്തില്‍ രോഗനിര്‍ണയം സാധ്യമല്ല. അതിനാല്‍ കുഞ്ഞുങ്ങളിലെ രോഗനിര്‍ണയവും രോഗകാരണവും കണ്ടെത്താന്‍ നിരവധി ടെസ്റ്റുകളുടെ സഹായം വേണ്ടിവന്നേക്കാം.
(തുടരും)
വിവരങ്ങൾ – ഡോ.ജേക്കബ് ജോർജ് സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം