തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന്റെ കാഠിന്യത്തിൽ ഒട്ടും കുറവില്ല. ഇന്നലേയും കൊടും ചൂടാണ് അനുഭവപ്പെട്ടത്. പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത തുടരുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഈ മാസം ആറുവരെ പാലക്കാട് ജില്ലയിൽ ചൂട് 40 ഡിഗ്രിവരെയാകാൻ സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
കൊല്ലം, തൃശൂർ ജില്ലകളിൽ 39 ഡിഗ്രി സെൽഷസും, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷസും വരെ ചൂട് ഉയരാനുള്ള സാധ്യതയാണ് വിലയിരുത്തൽ . പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷസ് വരെ താപനില ഉയരാമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് പുറംജോലികളിൽ ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മേയ് ആറുവരെ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു.
കൊടുംചൂടിൽ സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് നിരവധി കറവ പശുക്കൾ ചത്തു. കൊല്ലത്ത് 105 പശുക്കൾ സൂര്യാഘാതമേറ്റ് ചത്തെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ചൂട് കൂടുന്ന സാഹചര്യത്തിൽ വളർത്തു മൃഗങ്ങളുടെ സംരക്ഷണത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ വ്യക്തമാക്കി.